കോഴിക്കോട്: സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാംപനി (മീസിൽസ്) ബാധിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു. രോഗബാധയെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലായി മൂന്ന് കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടു. കോഴിക്കോട് ജില്ലയിൽ ഒരാളും മലപ്പുറത്ത് രണ്ട് പേരുമാണ് മരിച്ചത്. രോഗവ്യാപനം ശക്തമായ സാഹചര്യത്തിൽ ഇരു ജില്ലകളിലും ആരോഗ്യവകുപ്പ് തീവ്ര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രതിരോധ കുത്തിവെപ്പിലൂടെ നിയന്ത്രണവിധേയമാക്കിയിരുന്ന വൈറസ് രോഗമാണ് വീണ്ടും വലിയ ആരോഗ്യ വെല്ലുവിളിയായി ഉയർന്നുവരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ വർഷം ആകെ 30 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഈ വർഷം ഇതുവരെ 80 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്. കടുത്ത പനിയും ശരീരത്തിൽ ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടുന്നതുമാണ് അഞ്ചാംപനിയുടെ പ്രധാന ലക്ഷണം. രോഗനിർണയവും ചികിത്സയും വൈകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും വരെ കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കൃത്യമായ സമയത്ത് പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തതാണ് രോഗവ്യാപനത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുട്ടികളിൽ ഒൻപതാം മാസത്തിലും തുടർന്ന് 16 മുതൽ 24 വരെയുള്ള മാസങ്ങൾക്കിടയിലുമാണ് മീസിൽസ്-റുബെല്ല (MR) വാക്സിൻ നൽകേണ്ടത്. എന്നാൽ പല പ്രദേശങ്ങളിലും വാക്സിനേഷൻ മുടങ്ങുന്നത് രോഗം എളുപ്പത്തിൽ പടരാൻ ഇടയാക്കുന്നു. ഒരേ കുടുംബത്തിലെ ഒന്നിലധികം കുട്ടികൾക്ക് രോഗം ബാധിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വായുവിലൂടെയും രോഗിയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും വേഗത്തിൽ പടരുന്ന വൈറസ് രോഗമായതിനാൽ വാക്സിനേഷൻ യജ്ഞം ഊർജ്ജിതമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യപ്രവർത്തകർ.

