തിരുവനന്തപുരം: വഴിയരികിൽ വെച്ച് പതിനാലുകാരിയെ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ച കേസിൽ കൊല്ലം കരിപ്ര സ്വദേശി ഹെയിൽ രാജുവിനെ (22) ഏഴ് വർഷം കഠിനതടവിനും 26,000 രൂപ പിഴ ഒടുക്കുന്നതിനും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധിച്ചു. പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയുടേതാണ് ഉത്തരവ്. പിഴ തുക ഒടുക്കാത്ത പക്ഷം പ്രതി ഒരു വർഷവും ഒമ്പത് മാസവും അധിക തടവ് അനുഭവിക്കേണ്ടിവരും.

2025 മെയ് 24-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം ചാവടിമുക്കിന് സമീപമുള്ള ഹോസ്റ്റലിൽ താമസിക്കുന്ന സഹോദരിയെ കണ്ട് അമ്മയോടൊപ്പം മടങ്ങുകയായിരുന്ന പെൺകുട്ടിയെ ഇരുചക്ര വാഹനത്തിലെത്തിയ പ്രതി അക്രമിക്കുകയായിരുന്നു. പെൺകുട്ടി പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാൽ അക്രമം പൂർണ്ണമായി ഫലിച്ചില്ല. തുടർന്ന് പ്രതി സംഭവസ്ഥലത്തുനിന്ന് വേഗത്തിൽ ഓടിച്ചുപോയി. പെൺകുട്ടിയുടെ മനസ്സാന്നിധ്യവും പ്രാദേശിക സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവുമാണ് കേസിൽ നിർണ്ണായകമായത്. പ്രതിയുടെ വസ്ത്രവും വാഹനവും കൃത്യമായി ഓർത്തു വെച്ചിരുന്ന പെൺകുട്ടി, സമീപത്തെ വീടുകളിലെ സി.സി.ടി.വി. പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പത്മകുമാർ കെ. പ്രതിയുടെ വാഹന നമ്പർ പിന്തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഭിഭാഷകരായ ബിന്ദു വി.സി., അഡ്വ. സുരഭി പി. എന്നിവർ ഹാജരായി. വിചാരണ വേളയിൽ പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും രണ്ടു തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

