വിവാഹേതര ബന്ധം ആരോപിച്ച് 23കാരിയായ ഭാര്യയെ ഫാനിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തി, ദൃശ്യങ്ങൾ ലൈവായി മാതാപിതാക്കളെ കാണിച്ചു

ബെംഗളൂരു: കർണാടകയിലെ ബാഗൽകോട്ടിൽ മനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊടുംക്രൂരത. പരപുരുഷ ബന്ധം ആരോപിച്ച് 23-കാരിയായ ഭാര്യയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി. യുവതി മരണത്തോട് മല്ലിടുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭാര്യയുടെ മാതാപിതാക്കളെ വീഡിയോ കോൾ ചെയ്ത് തത്സമയം കാണിച്ചുകൊടുക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിയായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാഗൽകോട്ട് സ്വദേശിനി ഭാഗ്യശ്രീയാണ് (23) കൊല്ലപ്പെട്ടത്. ഭർത്താവ് പ്രവീൺ ജിഗലൂരുവാണ് പിടിയിലായത്.

കുടുംബവഴക്കിനെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി ഭാഗ്യശ്രീ സ്വന്തം വീട്ടിലായിരുന്നു താമസം. ഇനി പ്രശ്നങ്ങളുണ്ടാകില്ലെന്ന് ഉറപ്പുനൽകി കഴിഞ്ഞ ഞായറാഴ്ചയാണ് പ്രവീൺ ഭാഗ്യശ്രീയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. എന്നാൽ, വീട്ടിലെത്തിയ അന്ന് വൈകുന്നേരം തന്നെ പ്രവീൺ ഭാഗ്യശ്രീയെ മരത്തടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയും മുറിയിലെ ഫാനിൽ കെട്ടിത്തൂക്കുകയുമായിരുന്നു.

യുവതി ശ്വാസം കിട്ടാതെ പിടയുമ്പോൾ ആ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ പ്രവീൺ, ഭാഗ്യശ്രീയുടെ മാതാപിതാക്കളെ വീഡിയോ കോൾ ചെയ്ത് കാണിച്ചു നൽകി. ഈ ദൃശ്യങ്ങൾ പിന്നീട് ഇയാൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുനൽകുകയും ചെയ്തു. മുറിയിലെ ചുമരിൽ ഇവരുടെ വിവാഹസമയത്ത് എഴുതിയ പേരുകൾക്ക് മുന്നിൽ വെച്ചാണ് ഈ ക്രൂരത മുഴുവൻ നടന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബിലഗി പോലീസ് പ്രതിയെ ഉടൻതന്നെ കസ്റ്റഡിയിലെടുത്തു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *