കൽപ്പറ്റ: റിപ്പോർട്ടർ ടി.വി. എം.ഡി. ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ പരിധിയിൽ കൂടുതൽ മദ്യം പിടികൂടിയ സംഭവത്തിൽ ഭാര്യാമാതാവ് ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷ നൽകി. എക്സൈസ് സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന വിവരത്തിന് പിന്നാലെയാണ് ഇവർ കൽപ്പറ്റ സെഷൻസ് കോടതിയെ സമീപിച്ചത്.

ലില്ലി ജോസിന് മൊഴിയെടുപ്പിനായി നോട്ടീസ് നൽകാൻ ബത്തേരി കോളിയാടിയുള്ള വസതിയിൽ എക്സൈസ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വീടിന്റെ യഥാർത്ഥ ഉടമസ്ഥാവകാശം ഭാര്യാമാതാവിനാണെന്നാണ് ആന്റോ അഗസ്റ്റിൻ സുൽത്താൻ ബത്തേരി കോടതിയിൽ വാദിച്ചത്. ബാങ്ക് ജപ്തി ചെയ്ത ഈ വീട് ലേലത്തിൽ പിടിച്ചത് ഭാര്യാമാതാവാണെന്നും കോടതി അറ്റാച്ച്‌മെന്റ് നടപടികൾ നിലനിൽക്കുന്ന വസ്തുവായതിനാൽ തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
എന്നാൽ, സാങ്കേതികമായി മറ്റ് വിവരങ്ങൾ ഉന്നയിച്ചാലും വീടിന്റെ യഥാർത്ഥ കൈവശക്കാരൻ ആന്റോ അഗസ്റ്റിൻ തന്നെയാണെന്ന ഉറച്ച നിലപാടിലാണ് എക്സൈസ് അന്വേഷണ സംഘം. സംഭവത്തിൽ തുടർനടപടികളുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

