തമിഴ്നാട്ടിലെ കോൺഗ്രസ് നേതാവായ എം പി രഞ്ജൻ കുമാർ ആണ് 2024-ൽ താൻ പൊലീസിന് വിവരം കൈമാറിയെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. എന്നാൽ, പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാനോ അന്വേഷണം നടത്താനോ തയ്യാറായില്ലെന്നും രഞ്ജൻ കുമാർ പറഞ്ഞു.
ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ ഗ്രാനൈറ്റ് വ്യവസായി ആർ വീരമണിയുടെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് രണ്ടുവർഷം മുൻപ് തന്നെ ചെന്നൈ പൊലീസിനെ വിവരമറിയിച്ചിരുന്നതായി വെളിപ്പെടുത്തൽ. തമിഴ്നാട്ടിലെ കോൺഗ്രസ് നേതാവായ എം പി രഞ്ജൻ കുമാർ ആണ് 2024-ൽ താൻ പൊലീസിന് വിവരം കൈമാറിയെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. എന്നാൽ, പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാനോ അന്വേഷണം നടത്താനോ തയ്യാറായില്ലെന്നും രഞ്ജൻ കുമാർ പറഞ്ഞു.

2024 നവംബറിലാണ് വീരമണി കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ കാണാനിടയായത്. വീരമണിയുടെ കൂട്ടാളി കൂടിയായ ശാന്തിയുടെയും ഭർത്താവ് മഹേന്ദ്ര സിംഹന്റെയും വീട്ടിൽവെച്ചാണ് ഈ ദൃശ്യങ്ങൾ കണ്ടത്. ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 2024 ജൂലായിലാണ് ശാന്തിയെ ആദ്യം പരിചയപ്പെട്ടത്. പിന്നീട് ഫോണിലൂടെ പലതവണ സംസാരിച്ചു. ഒരിക്കൽ ശാന്തിയും ഭർത്താവും അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. അവിടെവെച്ചാണ് വീരമണിയുടെ തെറ്റായ പ്രവൃത്തികൾ കണ്ടോളൂ എന്നുപറഞ്ഞ് വീരമണി കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ കാണിച്ചത്. ഒരു പെൺകുട്ടിയെ കിടപ്പുമുറിയിൽവെച്ച് ചോക്ലേറ്റുകൾ നൽകിയശേഷം ലൈംഗികമായി ഉപദ്രവിക്കുന്നതയാണ് ടിവിയിൽ കാണിച്ച ദൃശ്യങ്ങളിലുണ്ടായിരുന്നത്. ആ ദൃശ്യങ്ങൾ താൻ ഫോണിൽ പകർത്തി. പിന്നീട് ഒരു അഭിഭാഷകനുമായി ചർച്ച ചെയ്തശേഷം അന്നത്തെ അഡീഷണൽ പൊലീസ് കമ്മീഷണറെ നേരിട്ട് കണ്ട് പരാതി നൽകാൻ തീരുമാനിച്ചു. ഇതിനായി ആദ്യം കമ്മീഷണറുടെ അനുമതി തേടി. കമ്മീഷണറായിരുന്ന കണ്ണനെ കണ്ട് കാര്യങ്ങൾ അറിയിച്ചു. പത്തുദിവസത്തിന് ശേഷം മഹേഷ് എന്ന ഇൻസ്പെക്ടർ ചെന്നൈ അശോക ഹോട്ടലിൽവെച്ച് വിവരങ്ങൾ ശേഖരിച്ചു. പിന്നീട് ദൃശ്യങ്ങൾ അയച്ചുനൽകാനും ആവശ്യപ്പെട്ടു. തുടർന്ന് ദിവസങ്ങൾക്ക് ശേഷം അസിസ്റ്റന്റ് കമ്മീഷണർ യാസ്മീനെയും കണ്ടു. കുട്ടികളെ അറിയാമോ, എവിടെയാണ് ഇത് നടന്നത് അറിയാമോ തുടങ്ങിയ ചോദ്യങ്ങളാണ് ചോദിച്ചത്. പക്ഷേ, അതിനുശേഷം പരാതിയിൽ അന്വേഷണമൊന്നും ഉണ്ടായില്ലെന്നും അന്ന് ഭരണകക്ഷിക്കൊപ്പമായതിനാൽ താൻ പിന്നീട് സമ്മർദം ചെലുത്തിയില്ലെന്നും ദി ന്യൂസ്മിനിറ്റിനോട് രഞ്ജൻ കുമാർ വെളിപ്പെടുത്തി.
അതിനിടെ, പോക്സോ കേസിൽ അറസ്റ്റിലായ ആർ വീരമണിയുമായി ബന്ധപ്പെട്ട അഞ്ച് കേന്ദ്രങ്ങളിൽ തമിഴ്നാട് സെൻട്രൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ടി നഗറിലെ വീരമണിയുടെ വീട്ടിലും ഗോപാലപുരത്തെ ഓഫീസിലും ഉൾപ്പെടെയാണ് പരിശോധന നടത്തിയത്. റെയ്ഡിൽ മൊബൈൽഫോണുകളും നിരവധി ഡിജിറ്റൽ തെളിവുകളും പൊലീസ് കണ്ടെടുത്തു.

