അമ്മയെ വഴക്കു പറയുന്നത് കേട്ട് മകനായ അഭിജിത്ത് ചോദിച്ചതിലുള്ള വിരോധം വെച്ച് ഇറച്ചി വെട്ടുകാരനായ സജീവൻ വീട്ടിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് അഭിജിത്തിന് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു
തൃശൂർ: മകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിന് 5 വർഷം ഒരു മാസം കഠിനതടവും 10000 രൂപ പിഴയും ശിക്ഷ. പേരാമംഗലം പെരിങ്ങന്നൂർ സ്വദേശി കോരമ്പിൽ അഭിജിത്ത് (31) നെ കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അഭിജിത്തിന്റെ അച്ഛനും കേസിലെ പ്രതിയുമായ പേരാമംഗലം പെരിങ്ങന്നൂർ കോരമ്പിൽ വീട്ടിൽ സജീവൻ (61) ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 2021 സെപ്റ്റംബർ 13നാണ് കേസിനാസ്പദമായ സംഭവം.
സ്ഥിരം മദ്യപാനിയായ സജീവൻ ഭാര്യ പാർവതിയെ വഴക്കുപറയുകയും മർദ്ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. സംഭവ ദിവസം മദ്യപിച്ചു വന്ന പിതാവ് അമ്മയെ വഴക്കു പറയുന്നത് കേട്ട് മകനായ അഭിജിത്ത് ചോദിച്ചതിലുള്ള വിരോധം വെച്ച് ഇറച്ചി വെട്ടുകാരനായ സജീവൻ വീട്ടിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് അഭിജിത്തിന് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. വെട്ട് കൊണ്ട് ചോരയിൽ കുളിച്ച് അഭിജിത്ത് പ്രാണരക്ഷാർത്ഥം വീടിനു പുറത്തേക്ക് ഓടുകയും, തുടർന്ന് ഓടിവന്ന നാട്ടുകാരും, അമ്മയും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തതിനാൽ ജീവൻ രക്ഷിക്കാനായി. പിഴ സംഖ്യ പരുക്കേറ്റ അഭിജിത്തിന് നൽകുന്നതിന് വിധിയിൽ പ്രത്യേക പരാമർശം ഉണ്ട്.
പ്രോസിക്യൂഷൻ 10 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും തൊണ്ടിമുതലകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കി. പേരാമംഗലം പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. സുധീർ ബാബു മൊഴിയെടുത്ത കേസിൽ പേരാമംഗലം സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഡി. ശ്രീജിത്ത്‌കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.ആർ. രജിത്കുമാർ ഹാജരായി.

