പിടിച്ചതിനേക്കാൾ വലുത് ‘റെഡ് ബുക്കി’ൽ; 25 കോടിയുടെ ഹവാല ഇടപാട് നടന്നെന്ന് ഇ.ഡി.

തിരുവനന്തപുരം: സി.എം.ആർ.എൽ. പണമിടപാട് കേസ് അന്വേഷിച്ചുചെന്നപ്പോൾ തുറന്നത് മുൻമന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ ടി. വീണയ്ക്കും കുരുക്കാവുന്ന കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടാണെന്ന് ഇ.ഡി.യുടെ റിപ്പോർട്ട്. ‘റെഡ് ബുക്ക്’ തെളിവായി അവതരിപ്പിച്ചാണ് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. വീണയുടെ താമസസ്ഥലത്തുനടത്തിയ റെയ്ഡിൽ ലഭിച്ച ചുവന്ന ഡയറിയാണിത്. ഇതെക്കുറിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളും അനുബന്ധ തെളിവുകളായി കൂട്ടിച്ചേർത്താണ് പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്.

25 കോടിയിലേറെ രൂപയുടെ ഹവാല ഇടപാട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇ.ഡി. നടത്തിയ അന്വേഷണത്തിൽ ദുബായിലേക്ക് പണം കടത്തിയതിന്റെ തെളിവുകളും കണ്ടെത്തി. ഇവിടെ കൈമാറുന്ന രൂപ ദുബായിൽ അവിടുത്തെ കറൻസിയായി ലഭ്യമാക്കുന്ന ഹവാല ഇടപാടാണ് നടന്നത്. റിയാസിന്റെ സുഹൃത്തുക്കൾ വഴി നടത്തിയ പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും ഡയറിയിൽ ഉണ്ടായിരുന്നു. ഇതെല്ലാം വീണ സമ്മതിച്ചെന്ന് വെളിപ്പെടുത്തലും റിപ്പോർട്ടിലുണ്ട്.ഇടപാടുമായി ബന്ധപ്പെട്ടവരുടെ ഫോണുകൾ പരിശോധിച്ചപ്പോൾ തെളിവ് ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങൾക്കു മുമ്പിലാണ് വീണ, പണമിടപാട് സംബന്ധിച്ച കാര്യങ്ങൾ സമ്മതിച്ചതായും ഇ.ഡി. വ്യക്തമാക്കുന്നു. വീണ ഒപ്പിട്ട മൊഴിയുടെ പകർപ്പും റിപ്പോർട്ടിനൊപ്പമുണ്ട്.ഈ പണം എവിടെനിന്നു വന്നു, എങ്ങോട്ട് പോയി, ആരോക്കെ കൂട്ടുനിന്നു, ഇതിനായി സ്വീകരിച്ച നിയമവിരുദ്ധ നടപടികൾ തുടങ്ങിയ കാര്യങ്ങളാണ് സംസ്ഥാന പോലീസിന്റെ അന്വേഷണത്തിൽ കൂടുതലായി കണ്ടെത്തേണ്ടത്. സി.എം.ആർ.എൽ. പണമിടപാട് കേസേക്കാൾ ഗൗരവമുള്ള കുറ്റകൃത്യമാണ് ഇതിലൂടെ പുറത്തുവരുന്നത്.

കേസ് എടുത്തില്ലെങ്കിൽ പോലീസ് കുടുങ്ങും

തെളിവുകളടക്കം നൽകിയിട്ടും നടപടി ഉണ്ടായില്ലെങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം പോലീസിനെതിരെ കേസ് എടുക്കുമെന്ന മുന്നറിയിപ്പും ഇ.ഡി. റിപ്പോർട്ടിലുണ്ട്. കള്ളപ്പണം വെളുപ്പിക്കാൻ പരോക്ഷമായി കൂട്ടുനിൽക്കുകയോ അതേക്കുറിച്ച് അറിഞ്ഞിട്ടും മൂടിവെക്കുകയോ ചെയ്യുന്നവർക്കാണ് ഈ വകുപ്പ് ബാധകം. ഇത്രയും ഗൗരവമുള്ള തെളിവുകളടക്കം നൽകിയ റിപ്പോർട്ട് അവഗണിച്ചാൽ സംസ്ഥാന പോലീസ് മേധാവി പ്രതിയാകുമെന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *