സുഹൃത്തിനെ കാണാൻ ബംഗളൂരുവിൽ പോയ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപെടുത്തിയ സംഭവം: കണ്ണൂർ സ്വദേശി അറസ്റ്റിൽ, അഞ്ചുപേർ ഒളിവിൽ

കോഴിക്കോട്: സുഹൃത്തിനെ കാണാനായി ബംഗളൂരുവിൽ എത്തിയ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ പിടിയിൽ. കണ്ണൂർ മട്ടന്നൂർ സ്വദേശി ജിഷ്ണു ജയനെയാണ് ചേവായൂർ പോലീസ് കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. യുവതി അടക്കം കേസിൽ ഉൾപ്പെട്ട മറ്റ് അഞ്ചു പ്രതികൾ ഒളിവിലാണ്.

കോഴിക്കോട് സിവിൽ സ്റ്റേഷൻ ഫ്ലോറിക്കൻ റോഡ് സ്വദേശിയായ യുവാവിനെയാണ് സംഘം ബംഗളൂരുവിൽ വെച്ച് തട്ടിക്കൊണ്ടുപോയത്. യുവാവിനെ തടങ്കലിൽ വെച്ച് നഗ്നചിത്രങ്ങൾ പകർത്തിയ സംഘം ഇവ മാതാവിന് അയച്ചു നൽകുകയും എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു.

പിന്നീട് ഇവരുടെ തടങ്കലിൽ നിന്ന് രക്ഷപ്പെട്ട യുവാവ് ചേവായൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഒളിവിലുള്ള മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *