ദുർമന്ത്രവാദമെന്ന് സംശയം: ഭർത്താവിനെ കൊന്ന് കുടൽമാല പുറത്തെടുത്ത് ഭാര്യ, വീട്ടുടമ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; കരളും വൃക്കയും കാണാനില്ല; ടെറസിൽനിന്ന് ചാടിയ പ്രതി ചികിത്സയിൽ

ഭർത്താവിനെ കൊലപ്പെടുത്തി വയർകീറി ആന്തരികാവയവങ്ങൾ പുറത്തെടുത്ത യുവതി കസ്റ്റഡിയിൽ. ഹരിയാണയിലെ കുരുക്ഷേത്രയിലാണ് ഞെട്ടിക്കുന്ന സംഭവം. ഉത്തർപ്രദേശ് സീതാപുർ സ്വദേശിയായ രാജേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജേഷിന്റെ ഭാര്യ വിമല ദേവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കൊലപാതകം പിടിക്കപ്പെട്ടതിന് പിന്നാലെ വീടിന്റെ ടെറസിൽനിന്ന് ചാടി പരിക്കേറ്റ പ്രതി ചികിത്സയിലാണ്. ആരോ​ഗ്യനില മെച്ചപ്പെട്ടാൽ പ്രതിയിൽനിന്ന് മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം വൈകിട്ട് അഞ്ചുമണിയോടെ ദമ്പതിമാർ താമസിച്ചിരുന്ന വാടകവീട്ടിലായിരുന്നു അതിദാരുണമായ സംഭവം. വൈകിട്ട് അഞ്ചുമണിയോടെ ദമ്പതിമാർ തമ്മിൽ കലഹമുണ്ടായിരുന്നതായി വീട്ടുടമ റിങ്കു പറഞ്ഞു. ഇതിനുപിന്നാലെ ഇദ്ദേഹം വീടിന്റെ ടെറസിൽ എത്തിനോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. വയറിൽ വലിയ മുറിവേറ്റ് ചോരയിൽ കുളിച്ചനിലയിൽ രാജേഷ് നിലത്തുകിടക്കുകയായിരുന്നു. സമീപത്തായി ഭാര്യ വിമലാദേവിയുമുണ്ടായിരുന്നു. വിമലാദേവി രാജേഷിന്റെ വയർകീറി കുടൽമാല പുറത്തെടുക്കുന്ന നടുക്കുന്ന കാഴ്ചയ്ക്കും റിങ്കു സാക്ഷിയായി. എന്നാൽ, അല്പസമയത്തിനുള്ളിൽ റിങ്കുവിനെ വിമലാദേവി കണ്ടു. ഇതോടെ പരിഭ്രാന്തയായ പ്രതി വീടിന്റെ ടെറസിൽനിന്ന് ചാടുകയായിരുന്നു. പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

മൂർച്ചയേറിയ ആയുധം ഉപയോ​ഗിച്ച് 35 സെന്റിമീറ്ററോളം ആഴത്തിൽ രാജേഷിന്റെ വയറിന്റെ ഭാ​ഗത്ത് കീറിയതായാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. യുവാവിന്റെ കരളിന്റെ ഒരുഭാ​ഗവും ഒരു വൃക്കയും കാണാനില്ലെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് മൂന്ന് കത്തികൾ പൊലീസ് കണ്ടെടുത്തു. ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.

വിമലാദേവിയും രാജേഷും തമ്മിൽ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്നാണ് വീട്ടുടമ പൊലീസിന് നൽകിയ മൊഴി. വിമലാദേവി ബാധയൊഴിപ്പിക്കൽ, മന്ത്രവാദം തുടങ്ങിയവ ചെയ്തിരുന്നതായും പരമ്പരാ​ഗത ചികിത്സ നടത്തിയിരുന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് വിവാഹിതരായ ദമ്പതിമാർക്ക് മക്കളില്ലെന്നും വീട്ടുടമ പറഞ്ഞു. ദുർമന്ത്രവാദത്തിന്റെ ഭാ​ഗമായാണോ യുവതി ഭർത്താവിന്റെ ആന്തരികാവയവങ്ങൾ പുറത്തെടുത്തതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *