12കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നുപ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ച സംഭവത്തിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. ദുബായിലേക്കാണ് കൊടുവള്ളി സ്വദേശി ഉവൈസ് കടന്നത്. കോഴിക്കോട് വിമാനത്താവളം വഴിയാണ് ഇയാൾ രാജ്യം വിട്ടത്. സംഭവത്തിലെ മറ്റ് പ്രതികളായ ഉവൈസിന്റെ പിതാവ് റസാഖ്, മാതാവ് സീനത്ത് എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് പ്രധാന പ്രതി തന്ത്രപരമായി വിദേശത്തേക്ക് കടന്നത്.

വാച്ച് മോഷ്ടിച്ചു എന്നാരോപിച്ചാണ് 12 കാരനെ പിതൃസഹോദരനും കുടുംബവും ക്രൂരമായി മർദ്ദിച്ചത്. നഖത്തിൽ ഈർക്കിലി കയറ്റിയും മുറിവുകളിൽ മുളക് വെള്ളം ഒഴിച്ചും കുട്ടിയെ പീഡിപ്പിച്ചിരുന്നു. സിഡബ്ല്യുസി ഇടപെട്ടതിന് ശേഷമാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. അതിനിടെ പ്രശ്‌നം ഒത്തുതീർപ്പാക്കാനുള്ള ശ്രമം പ്രതികൾ നടത്തിയിരുന്നു. കുട്ടിക്ക് സൈക്കിൾ വാങ്ങി നൽകാമെന്നും പണം നൽകാമെന്നുമടക്കം വാഗ്ദാനം നൽകിയെന്നാണ് വിവരം.

കുട്ടിയുടെ കാലിലെയും കൈകളിലേയും വിരലുകളിൽ ഈർക്കിൽ കയറ്റിയിരുന്നു. ഒച്ച പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി. സംഭവദിവസം രാത്രിയാണ് പൂട്ടിയിട്ട മുറിയിൽ നിന്നും രക്ഷപ്പെട്ട കുട്ടി പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ പറഞ്ഞത്. കുട്ടി സ്റ്റേഷനിലെത്തിയപ്പോൾ പിതാവുമായി പൊലീസ് ബന്ധപ്പെട്ടു. എന്നാൽ സ്റ്റേഷനിലെത്തിയത് പിതൃസഹോദരനും ഭാര്യയും മകനുമാണ്. ഇവർക്കൊപ്പമാണ് കുട്ടിയെ പൊലീസ് മടക്കി അയച്ചതെന്നതും വിമർശനത്തിന് കാരണമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *