ഏകമകന്റെ വിവാഹത്തിനായി കാത്തിരുന്ന വീട്; അഖിലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും


ഇക്കഴിഞ്ഞ ജൂലായ് 20ന് ശേഷം കരിങ്കടലിൽ ഏഴ് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്

കാസർകോട്: യുക്രെയ്‌നിൽ ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നാവികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. ഒരു മാസം മുമ്പാണ് കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ മെർച്ചന്റ് നേവി ഉദ്യോഗസ്ഥൻ അഖിൽ ജോയൻ കൊല്ലപ്പെട്ടത്. നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. യുക്രെയ്‌നിലെ ഒഡേസ തുറമുഖത്തിന് സമീപമുണ്ടായ ആക്രമണത്തിൽ അഖിൽ ഉൾപ്പെട പത്തുപേര് കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച ബെംഗളുരു വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം റോഡ് മാർഗമാണ് കാസർകോടുള്ള വസതിയിൽ എത്തിക്കുന്നതെന്ന് മാരിനേഴ്‌സ് സൊസൈറ്റി അറിയിച്ചിരുന്നു.

ജോയൻ – സാലി ദമ്പതികളുടെ ഏകമകനാണ് അഖിൽ. വിവാഹം നിശ്ചയിച്ചിരിക്കെയാണ് ഒരു മാസം മുമ്പ് അഖിലിന്റെ മരണവാർത്ത കുടുംബത്തെ തേടിയെത്തിയത്. അവധിക്ക് നാട്ടിലെത്തിയ ശേഷം ഒരു മാസം മുമ്പായിരുന്നു അഖിൽ ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ ആറു വർഷമായി മർച്ചന്റ് നേവിയിലാണ് അഖിൽ ജോലി ചെയ്ത് വന്നത്. അഖിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായുള്ള നടപടി ക്രമങ്ങൾ വേഗം പൂർത്തീകരിക്കാൻ ജനപ്രതിനിധികളും സർക്കാരും ഇടപെടലുകൾ നടത്തിവരികയായിരുന്നു.

എംവി ഹോൾഡൻ ലിയോ എന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിലാണ് നാല് ഇന്ത്യക്കാരടക്കം പത്തു പേർ കൊല്ലപ്പെട്ടത്. അന്ന് കപ്പലിലുണ്ടായിരുന്ന എട്ട് പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ൻ നാവികസേന അറിയിച്ചിരുന്നു. 17ഓളം ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു ഇന്ത്യക്കാരന്റെ നില ഗുരുതരമായി തുടരുകയാണെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലായ് 20ന് ശേഷം കരിങ്കടലിൽ ഏഴ് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *