തിരുവനന്തപുരം: ജവാൻ അടക്കമുള്ള വില കുറഞ്ഞ മദ്യം വാങ്ങി, വിലയേറിയ സ്‌കോച്ച് ഇനത്തിൽപ്പെട്ട മദ്യമെന്ന പേരിൽ വിൽക്കുന്ന വ്യാജ മദ്യ നിർമാണ കേന്ദ്രം എക്സൈസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഈഞ്ചക്കൽ സ്വദേശി ഹാഷിം സുൽഫിക്കറിനെ പൊലീസ് പിടികൂടി. വിലകുറഞ്ഞ മദ്യം ഉപയോഗിച്ച് ബ്ലാക്ക് ലേബൽ, ഷിവാസ് റീഗൽ തുടങ്ങിയ ബ്രാൻഡുകളുടെ വ്യാജനാണ് സുൽഫിക്കർ നിർമിച്ചിരുന്നത്.
ബവ്കോയിൽനിന്ന് ജവാൻ ഉൾപ്പെടെ വില കുറഞ്ഞ മദ്യങ്ങൾ വാങ്ങി അതിൽ എസൻസും മറ്റു ചേരുവകളും ചേർത്ത് മിക്‌സ് ചെയ്ത് വിലകൂടിയ മദ്യത്തിന്റെ കുപ്പിയിൽ നിറച്ച് ലേബൽ ചെയ്താണ് സുൽഫിക്കർ ഒറിജിനലിനെ വെല്ലുന്ന വ്യാജമദ്യം നിർമിച്ചിരുന്നത്. ഇയാളുടെ വീടിന്റെ കിടപ്പുമുറിയിൽനിന്ന് 14 ലീറ്റർ വ്യാജ മദ്യവും ബവ്‌കോയിൽനിന്നു വാങ്ങിയ ആറര ലീറ്റർ മദ്യവും കണ്ടെടുത്തു.
തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജമദ്യ റെയ്ഡ് നടത്തിയത്. നഗരത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം വ്യാജ മദ്യം വിലകൂടിയ മദ്യം എന്ന പേരിൽ വിൽക്കുന്നുണ്ടെന്നു പ്രതി മൊഴി നൽകിയിട്ടുണ്ട്. ഇത്തരം കൂടുതൽ വ്യാജമദ്യ നിർമാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഓണം ലക്ഷ്യമിട്ട് ബാറുകളിൽ ഉൾപ്പെടെ വ്യാജമായി നിർമിച്ച മദ്യം ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം ഉള്ളതിനാൽ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
