താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം: വലിയ വാഹനങ്ങൾക്കും ടൂറിസ്റ്റ് വാഹനങ്ങൾക്കും വിലക്ക്; കളക്ടർ ഉത്തരവിറക്കി

താമരശ്ശേരി: വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളിൽ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തിൽ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി കോഴിക്കോട് കളക്ടർ. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, പാറകൾ അടർന്നുവീഴൽ എന്നിവക്കുള്ള സാധ്യത കണക്കിലെടുത്താണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി ഗതാഗത നിയന്ത്രണ ഉത്തരവിറക്കിയത്. താമരശ്ശേരി ചുരം വഴി ഹെവി വാഹനങ്ങൾ, മൾട്ടി ആക്‌സിൽ ലോറികൾ, ട്രെയിലറുകൾ, ഭാരവാഹനങ്ങൾ എന്നിവയുടെ ഗതാഗതം നിരോധിച്ചു. ഇത്തരം വാഹനങ്ങൾ കുറ്റ്യാടി ചുരം അല്ലെങ്കിൽ നാടുകാണി ചുരം വഴി പോകണം. വിനോദസഞ്ചാര വാഹനങ്ങൾ, അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങൾ എന്നിവക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താൽക്കാലികമായി വിലക്കിയിട്ടുണ്ട്. അതേസമയം കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾ, ആംബുലൻസുകൾ, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, സിവിൽ ഡിഫൻസ്, പൊലീസ് വാഹനങ്ങൾ, അവശ്യദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നേരിട്ട് നിയോഗിച്ചിട്ടുള്ള വാഹനങ്ങൾ എന്നിവക്ക് നിയന്ത്രണം ബാധകമല്ല. തുടർ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നിയന്ത്രണം തുടരും.

ചുരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വാഹനങ്ങൾ പരിശോധിച്ച് നിയന്ത്രിക്കുന്നതിനായി അടിവാരം ചെക്ക് പോസ്റ്റിൽ ആവശ്യമായ പൊലീസ് സേനയെ ഉടൻ വിന്യസിക്കാൻ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക അനുമതി ലഭിക്കുന്നതുവരെ ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാര വാഹനങ്ങൾക്കും പ്രവേശനം പൂർണമായും തടയണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള സജ്ജീകരണങ്ങൾ ശക്തമാക്കാൻ താമരശ്ശേരി ചുരത്തിൽ നിയോഗിച്ചിട്ടുള്ള റാപ്പിഡ് റെസ്‌പോൺസ് ടീമുകൾക്ക് നിർദേം നൽകി. മണ്ണിടിച്ചിലോ മറ്റ് തടസ്സങ്ങളോ ഉണ്ടായാൽ ഉടൻ നീക്കം ചെയ്യുന്നതിനായി സെർച്ച് ആൻഡ് റെസ്‌ക്യൂ ഉപകരണങ്ങൾ, ജെ.സി.ബി/എക്‌സ്‌കവേറ്ററുകൾ, മരം മുറിക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ പ്രധാന ഹെയർപിൻ വളവുകളിൽ, പ്രത്യേകിച്ച് ആറ് മുതൽ ഒമ്പത് വരെയുള്ള ഹെയർപിൻ വളവുകളിൽ സജ്ജമാക്കണം. പൊതുമരാമത്ത് ദേശീയപാത വിഭാഗം, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി ഏകോപിപ്പിച്ച് ചുരം മേഖലയിൽ തുടർച്ചയായ പട്രോളിങ് നടത്താനും നിർദേശം നൽകിയിട്ടുണ്ട്. നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കോഴിക്കോട്-വയനാട് ജില്ലകൾക്കിടയിലെ അത്യാവശ്യമല്ലാത്ത യാത്രകൾ പൊതുജനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും കലക്ടർ അഭ്യർഥിച്ചു. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമാണ് ദുരന്തനിവാരണ നിയമം 2005ലെ സെക്ഷൻ 30, 34 പ്രകാരം നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2005-ലെ സെക്ഷൻ 51, മോട്ടോർ വാഹന നിയമം 1988 ലെ ബന്ധപ്പെട്ട വ്യവസ്ഥകൾ എന്നിവ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *