പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ഗവൺമെൻറ് എച്ച്എസ്എസിൽ കായികാധ്യാപകൻ കുട്ടികളെ മർദിച്ച പരാതിയുമായി ബന്ധപ്പെട്ട് സ്‌കൂൾ സന്ദർശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങൾ തെളിവെടുപ്പ് നടത്തി. കുട്ടികളോട് കമ്മീഷൻ കാര്യങ്ങൾ അന്വേഷിച്ചു. അധ്യാപകനിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഉണ്ടായതായി കുട്ടികൾ പറഞ്ഞു. കുട്ടികളോട് മോശമായ ഭാഷ ഉപയോഗിക്കാറുണ്ടെന്നും കുട്ടികൾ മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് പൊതുപ്രവർത്തകർ നൽകിയ പരാതിയും കമ്മീഷൻ സ്വീകരിച്ചു. സ്‌കൂളിൽ നടന്ന കാര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് പൊലീസിനോടും വിദ്യാഭ്യാസ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

സ്കൂളിലെ അധ്യാപകർക്ക് കമ്മീഷൻ അംഗങ്ങൾ ബാലാവകാശ നിയമങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ജീവനക്കാർക്ക് ഇത് സംബന്ധിച്ച് കൂടുതൽ ക്ലാസുകൾ നൽകേണ്ടതുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ഭരണഘടന ഉറപ്പ് നൽകുന്ന വിദ്യാഭ്യാസം യഥേഷ്ടം കിട്ടുന്ന രീതിയിലേക്ക് അധ്യാപകർ മാറേണ്ടതുണ്ടെന്ന് കമ്മീഷൻ വിലയിരുത്തി. സന്ദർശനത്തോടനുബന്ധിച്ച് ചേർന്ന യോഗത്തിൽ അതിനാവശ്യമായ നിർദ്ദേശം അധ്യാപകർക്ക് നൽകി. കമ്മീഷൻ അംഗങ്ങളായ ബി മോഹൻകുമാർ, ഡോ. എഫ്. വിൽസൺ, കെ കെ ഷാജു തുടങ്ങിയവരാണ് തെളിവെടുപ്പ് നടത്തിയത്.

ആറാം ക്ലാസ് വിദ്യാർത്ഥികളാണ് കായികാധ്യാപകൻ സാദിഖിനെതിരെ പരാതി നൽകിയത്. മോശമായി സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. പിടി പിരീഡിൽ ഫുട്ബോൾ കളിക്കാൻ പോയി എന്നാണ് അധ്യാപകൻ ആരോപിക്കുന്ന കുറ്റം. 26 വിദ്യാർത്ഥികളെയാണ് ചൂരൽ കൊണ്ട് അധ്യാപകൻ അതിക്രൂരമായി മർദിച്ചത്. ചില കുട്ടികളുടെ വിരൽത്തുമ്പിലാണ് അടി കൊണ്ടത്. അസഹ്യമായ വേദനയുണ്ടായി എന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇവരിൽ മൂന്ന് കുട്ടികൾക്ക് ചികിത്സ തേടേണ്ടതായി വന്നു. രക്ഷിതാക്കളിൽ ചിലർ പൊലീസിൽ പരാതി നൽകി. കൊടുവായൂർ സ്വദേശിയാണ് യുപി സ്കൂൾ അധ്യാപകനായ സാദിഖ്. ഇതിന് മുൻപും ഈ അധ്യാപകൻ മോശമായി പെരുമാറിയിട്ടുണ്ടെന്നും പെൺകുട്ടികളോട് മോശം പദപ്രയോഗം നടത്തിയിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നു. എന്നാൽ അധ്യാപകൻ പഠിക്കാൻ പറഞ്ഞിട്ടും കളിക്കാൻ പോയതിനാണ് ശിക്ഷിച്ചതെന്നാണ് സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വിശദീകരണം.
