വീടുകളിൽ കയറി സ്ത്രീകൾക്കുനേരെ അതിക്രമം: ഒളിവിലായിരുന്ന ചെമ്മരത്തൂർ സ്വദേശി വടകര പോലീസിന്റെ പിടിയിൽ

വടകര: വൈകുന്നേരങ്ങളിൽ വീടുകളിൽ കയറി സ്ത്രീകളെ ഉപദ്രവിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വടകര പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മരത്തൂർ സ്വദേശി രയരം കുനിയിൽ അനീഷ് (35) ആണ് പിടിയിലായത്.

ഇക്കഴിഞ്ഞ മേയ് 17-നായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. വൈകുന്നേരത്തോടെ പ്രദേശത്തെ ഒരു വീട്ടിലെത്തിയ പ്രതി, വീടിന്റെ വരാന്തയിൽ നിൽക്കുകയായിരുന്ന സ്ത്രീയെ ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് സന്ധ്യയോടെ സമീപത്തെ മറ്റൊരു വീട്ടിൽ കയറിയും സമാനമായ രീതിയിൽ സ്ത്രീക്ക് നേരെ അതിക്രമം നടത്തി.

രണ്ട് സംഭവങ്ങളിലും ഇരകളായ സ്ത്രീകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതി കോടതി മുഖേന മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ഹർജി തള്ളിപ്പോയി.

ജാമ്യാപേക്ഷ തള്ളിയതോടെ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *