നിപ മരുന്ന് വിവാദത്തിൽ ആരോഗ്യ മന്ത്രിയെ തള്ളി ഡോ. അനൂപ് കുമാർ; ‘മരിച്ച ആർക്കും റെംഡെസിവിർ നൽകിയിട്ടില്ല’

കോഴിക്കോട്: നിപ മരുന്ന് വിവാദത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരനെ തള്ളി കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോക്ടർ അനൂപ് കുമാർ. കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ബാധിച്ച് മരിച്ച ആർക്കും റെംഡിസിവിർ മരുന്ന് നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ മരുന്നുകൾ കാലാവധി കഴിഞ്ഞിട്ടും നൽകി എന്നതായിരുന്നു ആരോഗ്യമന്ത്രിയുടെ ആരോപണം.നിപ ബാധിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മരിച്ച ആറുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിക്കാത്തവരാണെന്ന് ഡോക്ടർ ഫേസ്ബുക്കിലിട്ട ഒരു വിഡിയോയിലൂടെ വ്യക്തമാക്കി. 2023 മുതൽ 2025 വരെയുള്ള സമയത്ത് 13 പേർക്കാണ് നിപ ബാധിച്ചത്. ഇതിൽ ആറു പേർ മരിക്കുകയും ഏഴു പേർ രോഗത്തിൽ നിന്ന് കരകയറുകയും ചെയ്തു. എന്നാൽ മരിച്ച

ആറ് പേരിൽ ഒരാൾ പോലും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.2019ന് ശേഷം കേരളത്തിൽ റിപ്പോർട്ട് ചെയ്ത നിപ കേസുകൾക്ക് ഉപയോഗിക്കുന്ന മരുന്നാണ് റെംഡിസിവിർ എന്ന് അദ്ദേഹം വിശദീകരിച്ചു. രോഗ സ്ഥിരീകരണം വൈകിയവർക്കോ രോഗം സ്ഥിരീകരിച്ച് ഉടൻ മരണപ്പെട്ടവർക്കോ ഈ മരുന്ന് നൽകാനായിട്ടില്ല. ഇത്തരം മരണങ്ങൾക്കും ഈ മരുന്നുപയോഗിച്ചുള്ള ചികിത്സയും തമ്മിൽ ബന്ധമില്ല. അവസാനമായി 2022ലാണ് ഈ മരുന്ന് നിർമിച്ചത്. രണ്ട് വർഷമാണ് മരുന്നിന്റെ കാലാവധി. 2024ന് ശേഷം വന്ന രോഗികൾക്ക് ഏത് ടൈപ്പ് മരുന്നാണ് കൊടുത്തതെന്ന് അറിയില്ലെന്നും ഡോക്ടർ വിഡിയോയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *