ലഹരിവില്പന; കോഴിക്കോട് 591 ഗ്രാം ഹാഷിഷ് ഓയിലും കഞ്ചാവുമായി കടുത്ത ക്രിമിനൽ പശ്ചാത്തലമുള്ള രണ്ടുപേർ പിടിയിൽ

കോഴിക്കോട്: കല്ലേരി ഗ്രീൻ വാലി റോഡിലെ വാടക കെട്ടിടം കേന്ദ്രീകരിച്ച് ലഹരിവില്പന നടത്തിവന്ന രണ്ട് സ്ഥിരം കുറ്റവാളികളെ കോഴിക്കോട് സിറ്റി ഡാൻസാഫ് (DANSAF) സംഘവും പോലീസും ചേർന്ന് പിടികൂടി. കോഴിക്കോട് ചക്കുംകടവ് സ്വദേശിയും നിലവിൽ കുറ്റിക്കാട്ടൂരിൽ താമസക്കാരനുമായ ഷാജഹാൻ, മലപ്പുറം വാഴക്കാട് സ്വദേശി അബ്ദുൽ കരീം എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 591 ഗ്രാം ഹാഷിഷ് ഓയിലും ഒരു കിലോ 200 ഗ്രാം കഞ്ചാവും പോലീസ് സംഘം കണ്ടെടുത്തു.

​പിടിയിലായ പ്രതികൾ രണ്ടുപേരും മുൻപും സമാനമായ വലിയ ലഹരിക്കേസുകളിൽ പെട്ട് ജാമ്യത്തിലിറങ്ങിയവരാണെന്ന് പോലീസ് വ്യക്തമാക്കി. ഇതിൽ ഷാജഹാൻ കഴിഞ്ഞ വർഷം ഒരു കിലോ ഹാഷിഷ് ഓയിലുമായി പിടിയിലായി ജാമ്യത്തിൽ കഴിയുന്നയാളാണ്. ഇയാൾക്കെതിരെ മോഷണക്കേസുകൾക്ക് പുറമെ, ആന്ധ്രപ്രദേശിൽ വെച്ച് 32 കിലോ കഞ്ചാവ് കടത്തിയ കേസും നിലവിലുണ്ട്. കൂടെയുണ്ടായിരുന്ന അബ്ദുൽ കരീം മുൻപ് 10 കിലോ കഞ്ചാവുമായി പിടിയിലായ കേസിൽ ജാമ്യത്തിൽ കഴിയുന്നയാളാണ്. വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളും ഇയാളുടെ പേരിലുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *