പെരുമ്പാവൂർ: കാലിത്തീറ്റയെന്ന വ്യാജേന കടത്തിക്കൊണ്ടുവന്ന് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 26.5 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് എക്സൈസ് പിടികൂടി. പെരുമ്പാവൂർ ലോറി സ്റ്റാൻഡിനോട് ചേർന്നുള്ള പൂട്ടിക്കിടന്ന രണ്ട് വൻകിട ഗോഡൗണുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വൻ ശേഖരം കണ്ടെത്തിയത്.കോട്ടയത്ത് നിന്ന് ഒരുകോടി 30 ലക്ഷം രൂപയുടെ വ്യാജ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത കേസിന്റെ തുടരന്വേഷണത്തിന്റെ

ഭാഗമായാണ് എക്സൈസ് സംഘം പെരുമ്പാവൂരിലെത്തിയത്. ചാക്കുകളിലാക്കി രാത്രികാലങ്ങളിൽ ലോറികളിൽ എത്തിക്കുന്ന ഹാൻസ് പൂട്ടിയിട്ട ഗോഡൗണുകളിൽ സൂക്ഷിക്കുകയായിരുന്നു രീതി.കെട്ടിട ഉടമയുടെ സാന്നിധ്യത്തിൽ പൂട്ട് പൊളിച്ച് അകത്തുകയറി നടത്തിയ പരിശോധനയിൽ 26,250 പാക്കറ്റ് ഹാൻസ് കണ്ടെടുത്തു. സംഭവത്തിൽ വാടകക്കാരെയും കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

