തിരൂരങ്ങാടി : മന്തിയിൽ വ്യാപകമായി മൃഗക്കൊഴുപ്പ് ചേർത്ത് വിൽപന നടത്തുന്നതായി കണ്ടെത്തി. നഗരസഭ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയിലാണ് കൃത്രിമം കണ്ടെത്തിയത്. ചിക്കൻ മന്തി എന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റു മൃഗക്കൊഴുപ്പുകൾ ചേർത്ത് മന്തി തയാറാക്കി വിതരണം ചെയ്യുന്നതാണ് കണ്ടെത്തിയതെന്ന് നഗരസഭ സെക്രട്ടറി എം.വി.റംസി ഇസ്മായിൽ പറഞ്ഞു. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും.
നഗരസഭ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ, ബേക്കറി, കൂൾബാർ, മത്സ്യ മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി. താലൂക്ക് ഓഫിസ് കന്റീനിൽ നടത്തിയ പരിശോധനയിൽ കോഴിക്കടയിൽ നിന്നും കൊണ്ടു വന്ന ചിക്കൻ രക്തം കഴുകി കളയാതെ നേരിട്ട് മസാല പുരട്ടി വയ്ക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. കൂടാതെ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും കണ്ടെത്തിയതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്ന് നോട്ടിസ് നൽകി.

മാർക്കറ്റിലെ അറഫ ട്രേഡേഴ്സിൽ നിന്ന് നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. താലൂക്ക് ആശുപത്രി കന്റീൻ, ബ്ലോക്ക് ഓഫിസ് കന്റീൻ, തൈക്കാടൻ മെസ്, ഗ്രീൻ ഒ ബസ് സ്റ്റാൻഡ്, കക്കാട് ഹോട്ടൽ ഷാജി, തിരൂരങ്ങാടി അറേബ്യൻ മജ്‍ലിസ്, ബസ് സ്റ്റാൻഡിലെ ന്യൂ ലെവൽ ബേക്കറി എന്നീ സ്ഥാപനങ്ങളിൽ നിന്ന് തലേദിവസം പാചകം ചെയ്തതും പഴകിയതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. മുഴുവൻ സ്ഥാപനങ്ങൾക്കും നോട്ടിസ് നൽകി.
നഗരസഭാ സെക്രട്ടറി എം.വി.റംസി ഇസ്മായിലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, ക്ലീൻ സിറ്റി മാനേജർ ടി.കെ.പ്രകാശൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ.മോഹൻദാസ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.പി.സ്മിത, എസ്.ശ്രീജി, കെ.വിജേഷ് കുമാർ എന്നിവർ പങ്കെടുത്തു.
