കുറ്റ്യാടി : കക്കട്ട് അമ്പലകുളങ്ങരയിലെ ആക്രിക്കടയിൽ നിന്ന് 1.67 ലക്ഷം രൂപയും ഇരിങ്ങണ്ണൂർ നീതി മെഡിക്കൽ ഷോപ്പിൽ നിന്ന് 22,000 രൂപയും കവർന്ന കേസിൽ അന്തർസംസ്ഥാന മോഷ്ടാക്കൾ അറസ്റ്റിൽ. കടമേരി സ്വദേശി റിജാസ് (37), തൊട്ടിൽപ്പാലം മൊയിലോത്തറ സ്വദേശി ഷിജു എന്ന ഷൈജു (44) എന്നിവരെയാണ് നാദാപുരം ഡിവൈ.എസ്.പി. കെ.ജി. പ്രവീൺകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസും സ്ക്വാഡും ചേർന്ന് പിടികൂടിയത്. കാസർകോട് ഉപ്പളയിൽ വെച്ചാണ് ഇരുവരും പോലീസ് വലയിലായത്.
ഇരിങ്ങണ്ണൂർ നീതി മെഡിക്കൽ ഷോപ്പിന്റെ ഷട്ടർ തകർത്ത് പണം കവർന്ന സംഘം തൊട്ടുപിന്നാലെ അമ്പലകുളങ്ങരയിലെ ആക്രിക്കടയിലും കയറി മോഷണം നടത്തുകയായിരുന്നു. മോഷണം നടന്ന മേഖലകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളിലേക്ക് വഴിവെച്ചത്. കാസർകോട് പോലീസിന് ലഭിച്ച രഹസ്യ വിവരവും അന്വേഷണത്തിൽ നിർണായകമായി.
പിടിയിലായ പ്രതികളിൽ പ്രധാനിയായ റിജാസ് കേരളത്തിന് പുറമെ കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി ഇരുന്നൂറിലധികം മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ആക്രിക്കടയിലെ കവർച്ചയിൽ സംഘത്തിലുണ്ടായിരുന്ന കർണാടക സ്വദേശി അഷ്റഫ് ഉൾപ്പെടെയുള്ള മറ്റൊരാൾ കൂടി പങ്കാളിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
