കള്ളാടി മണ്ണിടിച്ചിൽ: കാണാതായവർക്കായി നാലാം ദിനവും തെരച്ചിൽ; മരണം ആറായി; നിർമ്മാണ കമ്പനിയുടെ ഗുരുതര അനാസ്ഥ വെളിപ്പെടുത്തി ജി.എസ്.ഐ റിപ്പോർട്ട്

കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ തൊഴിലാളികൾക്കായുള്ള തെരച്ചിൽ നാലാം ദിവസവും തുടരുന്നു. ഇന്നലെ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ആറായി. എൻഡിആർഎഫ്, അഗ്‌നിരക്ഷാസേന, പൊലീസ് എന്നിവയുടെ നേതൃത്വത്തിലാണ് ഇന്ന് പരിശോധന തുടരുക. നിലവിൽ സോൺ ഒന്ന്, മൂന്ന് മേഖലകൾ കേന്ദ്രീകരിച്ചാണ് വ്യാപക തെരച്ചിൽ പുരോഗമിക്കുന്നത്. ഇനി രണ്ട് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്.

അതേസമയം കരാർ കമ്പനിയുടെ ഗുരുതര അനാസ്ഥ വ്യക്തമാക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സുരക്ഷാ ഭിത്തിയിൽ വിള്ളലെന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ് നിർമാണ കമ്പനി അവഗണിച്ചു എന്നാണ് കണ്ടെത്തൽ. അന്വേഷണം പുരോഗമിക്കുകയാണ്. നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നിർമ്മാണ ചുമതലയുള്ള ദിലീപ് ബിൽഡ്‌കോണിന് ജൂൺ 14ന് ജിഎസ്‌ഐ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് കമ്പനി അവഗണിച്ചുവെന്നാണ് കണ്ടെത്തൽ. ജിഎസ്‌ഐ റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവിട്ടിരുന്നു.

റോക്ക് നെയിലിംഗ് വേണ്ട സ്ഥലത്ത് സോയിൽ നെയിലിംഗ് നടത്തിയതായുള്ള സാങ്കേതിക പിഴവും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മതിയായ വെള്ളം വാർന്നു പോകാനുള്ള മതിയായ ദ്വാരങ്ങൾ വീപ്പ് ഹോൾസ് ഇല്ലാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. മുന്നറിയിപ്പുകൾ അവഗണിച്ചത് ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

സ്ഥലപരിശോധനയ്ക്കിടെ 1, 2, 3 ബെർമുകളിലെ വിള്ളലുകൾക്ക് ക്രമേണ വീതി വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. കൂടാതെ വിവിധ ബെഞ്ചുകളിലായി ഒന്നിലധികം ചെറിയ മണ്ണിടിച്ചിലുകളും, നാലാമത്തെ ബർമിലെ ഡ്രെയിനേജ് സംവിധാനത്തിന് സമീപം സ്വാഭാവികമായി രൂപപ്പെട്ട വിള്ളലുകളിലൂടെ ചെളി കലർന്ന വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകുന്നതും ശ്രദ്ധയിൽപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, ഈ വിള്ളലുകൾ ആഴത്തിലേക്ക് വ്യാപിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഇവ മഴവെള്ളം മണ്ണിനുള്ളിലേക്ക് അതിവേഗം കടന്നുകയറുന്നതിനും, ഭൂഗർഭജല സ്രവണത്തിനും, മണ്ണിന്റെ ആന്തരിക മണ്ണൊലിപ്പിനും കാരമാകുന്നുവെന്നും റിപ്പോർട്ട് വിലയിരുത്തിയിട്ടുണ്ട്. മൂന്ന് നാല് ബെർമുകൾക്ക് ഇടയിൽ ഭൂഗർഭത്തിലൂടെ വെള്ളം ഒഴുകുന്ന ശബ്ദം വ്യക്തമായി കേട്ടത് ഈ വിലയിരുത്തലിനെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം സാഹചര്യങ്ങളിൽ മേൽമണ്ണിനുള്ളിൽ ആന്തരിക മണ്ണൊലിപ്പും, പൈപ്പിംഗ് പ്രതിഭാസവും അതിവേഗം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്. ഇത് ചരിവിന്റെ ആന്തരിക ബലം ക്രമേണ കുറയുന്നതിനും ഒടുവിൽ ചെറിയ തോതിലോ വലിയ തോതിലോ ഉള്ള മണ്ണിടിച്ചിലിന് കാരണമാകാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഇടിഞ്ഞത് മൺകൂനയല്ല സുരക്ഷാ ഭിത്തിയാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്. പാറയിലേക്ക് ഘടിപ്പിക്കേണ്ട സുരക്ഷാ ഭിത്തി നിർമ്മിച്ചത് മണ്ണിനോട് ചേർത്താണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സുരക്ഷാഭിത്തി നിർമ്മിച്ചതുമായി ബന്ധപ്പെട്ട് സംഭവിച്ച പിഴവുകളും ഈ ഘട്ടത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. റോക്ക് നെയിലിംഗ് ചെയ്ത് പാറയുമായാണ് സംരക്ഷണ ഭിത്തി ഘടിപ്പിക്കേണ്ടത്. സിമന്റും കമ്പിയും മെഷുമെല്ലാം ഉപയോഗിച്ച് സംരക്ഷണ ഭിത്തിപോലെ നിർമ്മിച്ച് അതിനകത്ത് സ്റ്റീൽ ബാറുകൾ ഘടിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഈ സ്റ്റീൽ ബാറുകൾ പാറയുമായി ഘടിക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താൽ മാത്രമേ മുകളിൽ നിന്നുള്ള മണ്ണിടിച്ചിൽ പോലുള്ളവയെ തടഞ്ഞ് നിർത്തുകയുള്ളു. ഈ നിലയിൽ സംരക്ഷണ ഭിത്തി പാറയുമായി ഘടിപ്പിക്കുന്നതിന് സാധാരണ നിലയിൽ റോക്ക് നെയിലിംഗും, ഷോട്ട്ക്രീനിംഗുമാണ് ചെയ്യുക. എന്നാൽ റോക്ക് നെയിലിംഗിന് പകരം സോയിൽ നെയിലിംഗാണ് ഇവിടെ ചെയ്തിരിക്കുന്നത്. നിലവിൽ പാറയിൽ നിന്ന് വിട്ട് 15-20 മീറ്റർ വിട്ടാണ് സംരക്ഷണ ഭിത്തി ഉണ്ടാക്കിയിരിക്കുന്നത്. റോക്ക് നെയിലിംഗ് ചെയ്യാത്തതിനാൽ പാറയിൽ നിന്ന് വെള്ളം കിനിഞ്ഞ് മണ്ണിലേയ്ക്ക് ഇറങ്ങിയെന്നും മഴയുടെ അളവ് കൂടിയപ്പോൾ ഇത്തരത്തിൽ ഇറങ്ങിയ വെള്ളം മണ്ണിൽ സമ്മർദ്ദമുണ്ടാക്കിയെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സംരക്ഷണ ഭിത്തിയിൽ ഓരോ മീറ്റർ ഇടവിട്ട് വെള്ളം വാർന്ന് പോകുന്നതിനായി വീപ്പ് ഹോൾസ് വേണ്ടതുണ്ട്. അത് കൃത്യമായി ഇടാത്തതും അപകടകാരണമായി എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വീപ്പ് ഹോൾസ് ഇല്ലാത്തതിനാൽ വെള്ളം വാർന്ന് പോകാതെ ഹൈഡ്രോ സ്റ്റാറ്റിക് പ്രഷർ ഉണ്ടായി സംരക്ഷണഭിത്തി പൊട്ടി തകർന്നതാണ് അപകടകാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏതാണ്ട് 15 സെന്റിമീറ്റർ മാത്രം കനത്തിലാണ് സംരക്ഷണഭിത്തി നിർമ്മിച്ചിരുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *