കോഴിക്കോട് : മുക്കം മണാശ്ശേരിയിൽ മധ്യവയസ്കനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽപോയ അയൽവാസി പിടിയിൽ. മണാശ്ശേരി മുതുകുറ്റിയിൽ ജയകുമാർ ആണ് പിടിയിലായത്. മുതുകുറ്റിയിൽ വാടകവീട്ടിൽ താമസിക്കുന്ന വിനോദ് കുമാർ (58) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് 7.15നായിരുന്നു സംഭവം. വിനോദിന്റെ കഴുത്തിലാണ് വെട്ടേറ്റത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകത്തിനു ശേഷം ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ മണാശ്ശേരി കയ്യേരിക്കലിൽ വച്ച് ബുധനാഴ്ച രാവിലെയാണ് ജയകുമാർ പിടിയിലായത്. ജയകുമാറിനെ കണ്ട മണാശ്ശേരിയിലെ ഓട്ടോ ഡ്രൈവർ പ്രതീഷ് ഇയാളെ തടഞ്ഞുവച്ച് ബഹളം വയ്ക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ തടഞ്ഞുവച്ച് പൊലീസിനെ അറിയിച്ചു. തുടർന്ന് മുക്കം പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
