തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയിലെ 17 വയസുകാരന്റെ കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ്. കൊലപാതകത്തിൽ പിടിയിലായ കൗമാരക്കാരന്റെ പെൺ സുഹൃത്തിനെയും കേസിൽ പ്രതി ചേർത്തു. മണക്കാട് സ്വദേശിയായ 18കാരി അനന്ദയെയയാണ് പ്രതി ചേർത്തത്. ഐടിഐ വിദ്യാർത്ഥിയായ അനന്ദയാണ് കേസിലെ മൂന്നാം പ്രതി. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കേസിൽ അഭിരാമിനെ കൊന്ന 17കാരനും സഹായം നൽകിയ ഗുണ്ട ഉമറും നേരത്തെ അറസ്റ്റിലായിരുന്നു.
കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ്
അഭിരാമിന്റെ സുഹൃത്തിനെയാണ് പ്രതികൾ കൊല്ലാൻ ഉദ്ദേശിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ. 17 കാരനായ പ്രതിയുടെ മുൻ പെൺ സുഹൃത്തിന്, അഭിരാമിന്റെ സുഹൃത്തുമായുള്ള പ്രണയം പകയ്ക്ക് കാരണമായി. ഇയാളെ കൊല്ലാൻ അഭിറാം വഴി വിളിച്ചു വരുത്താൻ ശ്രമിച്ചു. എതിർത്തത് വാക്കുതർക്കത്തിനും കൊലയ്ക്കും കാരണമായെന്നാണ് പ്രതിയുടെ മൊഴി. ഇതോടെയാണ് കസ്റ്റഡിയിലുള്ള പെൺകുട്ടിയെയും കേസിൽ പ്രതി ചേർത്തത്. കൊല നടത്തിയ 17 കാരന്റെ ആദ്യ കാമുകിയാണിത്. കാമുകിയുമായി പിണങ്ങി പ്രതി പുതിയ പ്രണയം തുടങ്ങി. പഴയ കാമുകിയും പുതിയ പ്രണയം തുടങ്ങി. പക തീർക്കാൻ പുതിയ കാമുകനൊപ്പമുള്ള ചിത്രങ്ങൾ പ്രതിക്ക് അയച്ചു കൊടുത്തു. ഇതോടെ 17 കാരനായ പ്രതി പുതിയ കാമുകനെ കൊല്ലാൻ തീരുമാനിച്ചു.
അഭിരാമിന്റ സുഹൃത്താണ് പുതിയ കാമുകൻ. ഇയാളെ വിളിച്ചു വരുത്തതാനാണ് അഭിരാമിനോട് വരാൻ പറഞ്ഞത്. കാമുകിയുടെ ഫോൺ ഇതിനായി രണ്ട് ദിവസത്തേക്ക് വാങ്ങിച്ചു. ഈ ഫോണിൽ നിന്ന് ഇൻസ്റ്റ മെസ്സേജ് അയച്ചു അഭിരാമിനെ വരുത്തി. പാങ്ങപ്പാറ എത്തിയപ്പോൾ പുതിയ കാമുകനെ വിളിച്ചു വരുത്താൻ അഭിരാം തയാറായില്ല. ഇതേ ചൊല്ലി തർക്കം ഉണ്ടായി. ഇതിനിടയിൽ അച്ഛൻ അഭിരാമിനെ ഫോൺ വിളിച്ചു. ഇത് പ്രതി തടസ്സപ്പെടുത്തി. ഇതോടെ അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ അഭിരാം ശ്രമിച്ചു. ഇതോടെ മർദ്ദിച്ച ശേഷം ബെൽറ്റ് കൊണ്ട് കഴുത്തിൽ മുറുക്കി. ഇതിന് ശേഷം ഗുണ്ട ഉമറിനെ വിളിച്ചു വരുത്തിയെന്നുമാണ് പ്രതിയുടെ മൊഴി. ഗുഢാലോചനയിൽ പെൺകുട്ടിയുടെ പങ്കും പൊലീസ് സംശയിക്കുന്നുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ പ്രതി ചേർത്തത്.
