വിയറ്റ്‌നാം ബോട്ട് അപകടം: മരിച്ചവരിൽ കൊട്ടാരക്കര സ്വദേശികളായ മലയാളി ദമ്പതികളും;

ന്യൂഡൽഹി: വിയറ്റ്‌നാമിലെ ബോട്ട് അപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും. കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ചത്. 15 ഇന്ത്യൻ വിനോദ സഞ്ചാരികളാണ് അപകടത്തിൽ ആകെ മരിച്ചത്. 32 വിനോദ സഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു.

വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും ദക്ഷിണേന്ത്യക്കാരാണ്. സ്വകാര്യ മെഡിക്കൽ കമ്പനിയുടെ നേതൃത്വത്തിലെ കോംപ്ലിമെന്ററി ട്രിപ്പ് ആണ് ഇതെന്ന വിവരമുണ്ട്. മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടതായി കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു. വിയറ്റ്നാം അധികൃതരുമായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനും ദുഃഖിതരായ കുടുംബത്തിന് ആവശ്യമായ എല്ലാ കോൺസുലർ സഹായങ്ങളും ലഭ്യമാക്കുന്നതിനും ഇന്ത്യൻ എംബസി സത്വര നടപടി സ്വീകരിക്കുമെന്ന് അംബാസിഡർ എം പിയെ അറിയിച്ചു.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ‘വിയറ്റ്നാമിലെ ഫു ക്വോക്കിന് സമീപം ഇന്ത്യക്കാർ ഉൾപ്പെട്ട ബോട്ട് അപകടത്തിന്റെ ദാരുണമായ വാർത്ത അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മുടെ എംബസിയും കോൺസുലേറ്റും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നു. നമ്മുടെ ഉദ്യോഗസ്ഥർ വിയറ്റ്നാം അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്’, പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫു ക്വോക്കിന് 400 മീറ്റർ (1,310 അടി) അകലെയാണ് കപ്പൽ മറിഞ്ഞതെന്ന് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. ആന്ധ്രാപ്രദേശിൽ നിന്നുള്ള മൂന്ന് വിനോദസഞ്ചാരികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരം ലഭിച്ചെന്ന് ആന്ധ്രാപ്രദേശ് സർക്കാർ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

സമീപത്തുള്ള ബോട്ടുകൾ സ്ഥലത്തെത്തി യാത്രക്കാരെ ബോട്ടിൽ നിന്ന് രക്ഷിക്കാൻ തുടങ്ങിയതിനു ശേഷമാണ് അതിർത്തി രക്ഷാ സേനയും നാവിക സേനയും കോസ്റ്റ് ഗാർഡും മറ്റ് അടിയന്തര സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ശക്തമായ കാറ്റും ഉയർന്ന തിരമാലകളും കാരണം ബോട്ട് മറിഞ്ഞതാകാമെന്നാണ് പ്രാഥമിക വിലയിരുത്തലുകൾ.

Leave a Reply

Your email address will not be published. Required fields are marked *