കോഴിക്കോട്: മാവൂർ റോഡിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നല്ലളം സ്വദേശി കെ. വിപിനാണ് പിടിയിലായത്. കേസിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശി എൻ. നജീബ്, കോഴിക്കോട് അരക്കിണർ സ്വദേശി നൗഷിദ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് നടുവട്ടം സ്വദേശിയായ ആദിൽ റോഷൻ കുത്തേറ്റ് കൊല്ലപ്പെട്ടത്. കോഴിക്കോട് മാവൂർ റോഡിലെ യാഷ് ഇന്റർനാഷണൽ ഹോട്ടലിന് മുൻപിലെ നടപ്പാതയോട് ചേർന്നുള്ള റോഡിൽ വെച്ചായിരുന്നു സംഭവം. മദ്യലഹരിയിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ റോഷനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനു പിന്നാലെ പരിസരത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.
