കോട്ടയം ഈരാറ്റുപേട്ട പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ ഒരു മരണം. മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണി മണപ്പാട്ട് (18) ആണ് മരിച്ചത്. ജോസഫിന്റെ മാതാവ് റെജീനയെ കാണാതായി.
ഇവരുടെ വീടിന് മേലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. വീട്ടിൽ ഈ സമയത്ത് റെജീനയും മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മണ്ണിനടിയിൽ നിന്ന് ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. റെജീനയെ കണ്ടെത്താൻ വേണ്ടിയുള്ള തെരച്ചിൽ ഊർജിതമായി തുടരുകയാണ്.
അതേസമയം കോട്ടയത്ത് കനത്ത മഴ തുടരുകയാണ്. ശക്തമായ മഴ സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച ജില്ലാ കലക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മലയോര മേഖലയിലുണ്ടായ അതിശക്തമായ മഴയിൽ ഇടുക്കിയിലും പത്തനംതിട്ടയിലും ഉരുൽപൊട്ടൽ ഉണ്ടായി.
