കൊല്ലം: കോട്ടയത്തെ പിഎസ്സി യുപി സ്കൂൾ അധ്യാപക പരീക്ഷയിൽ വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കി ആൾമാറാട്ടം നടത്തിയ കേസിൽ രണ്ട് പേർ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. കൊല്ലം മയ്യനാട് കാരിക്കുഴി ചിറ്റുവിലാകം സുനിൽ ദാസ്, എട്ടാം പ്രതി മയ്യനാട് താഴത്തുചേരിയിൽ കൂട്ടിക്കട ദാറുസലാം വീട്ടിൽ ഷമീമ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ഷമീമയ്ക്ക് കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ജഡ്ജി ലക്ഷ്മി ശ്രീനിവാസ് മൂന്നു വർഷം തടവും അയ്യായിരം രൂപ പിഴ ശിക്ഷയും വിധിച്ചു. രണ്ടാം പ്രതി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഇയാൾ നേരിട്ട് ഹാജരായ ശേഷമാകും ശിക്ഷ വിധിക്കുക. 2010 മെയ്യിലാണ് കേസിന് ആസ്പദമായ സംഭവം. പരീക്ഷയുടെ ഉത്തരം പറഞ്ഞുകൊടുക്കാമെന്ന് ഷമീമയെയും ഭർത്താവിനെയും ഒന്നാം പ്രതി പ്രകാശ് ലാൽ വിശ്വസിപ്പിച്ചു. രണ്ടാംപ്രതി സുനിൽ ദാസ് വ്യാജ മേൽവിലാസത്തിൽ ഹാൾടിക്കറ്റ് സംഘടിപ്പിച്ച് ആൾമാറാട്ടം നടത്തി ചാത്തന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷാഹാളിൽ കയറിപ്പറ്റി. പിന്നാലെ ഇൻവിജിലേറ്റർ നൽകിയ ചോദ്യപേപ്പർ ജനൽവഴി പുറത്തിട്ടു. കൂട്ടുപ്രതികളിലൊരാൾ ഇതെടുത്ത് ഒന്നാം പ്രതിക്ക് നൽകി. തുടർന്ന് പ്രതികൾ ഉത്തരങ്ങൾ കണ്ടെത്തി കോട്ടയം കാണക്കാരിയിലെ സ്കൂളിൽ പരീക്ഷ എഴുതിക്കൊണ്ടിരുന്ന ഷമീമയ്ക്ക് ഫോണിലൂടെ പറഞ്ഞുകൊടുത്തു. ഇയർഫോൺ ധരിച്ച് വസ്ത്രം കൊണ്ട് മറച്ചാണ് ഷമീമ പരീക്ഷാഹാളിലെത്തിയത്.
ഒന്നാംപ്രതി മയ്യനാട് ആക്കോലിൽ പ്രകാശ് ലാൽ , മൂന്നാംപ്രതി ഇരവിപുരം വാളത്തുംഗൽ സ്വദേശി രജീഷ് എന്നിവർ വിചാരണകാലയളയിൽ ആത്മഹത്യ ചെയ്തിരുന്നു. നാലാംപ്രതി ഇരവിപുരം ആക്കോലിൽ വയലിൽ പുത്തൻവീട്ടിൽ അജിത്, അഞ്ചാംപ്രതി ഇരവിപുരം വാളത്തുംഗൽ മമതയിൽ അനീഷ് ഗോപിനാഥ്, ഷമീമയുടെ ഭർത്താവും ഏഴാംപ്രതിയുമായ മയ്യനാട് താഴത്തുചേരിയിൽ കൂട്ടിക്കട കെ എൻ ആർ നഗർ 115 ദാറുസലാംവീട്ടിൽ ഷാജി എന്നിവരെ കോടതി കുറ്റവിമുക്തരാക്കി.
