കൊച്ചി: കൊച്ചി തുറമുഖത്തുനിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവത്തിൽ മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി. വൈപ്പിൻ മുല്ലക്കൽ വീട്ടിൽ പി.കെ. അഫ്‌സൽ (52), മട്ടാഞ്ചേരി പഴയവീട്ടിൽ പി.ഐ. താജുദ്ദീൻ (63), അസം സ്വദേശി ചന്ദ്രശേഖർ മാലിക് (46) എന്നിവരാണ് പിടിയിലായത്. ഇവർ പാളം മുറിച്ചുകടത്തിയശേഷം ചെറുകഷണങ്ങളാക്കി വീണ്ടും മുറിച്ചുവിൽക്കാൻ ശ്രമിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി ആലുവ മാർക്കറ്റിന് സമീപത്തുനിന്നാണ് ഇവരെ ആർ.പി.എഫ്. കസ്റ്റഡിയിലെടുത്തത്. ഉരുക്കുപാളത്തിന്റെ 400 കഷണങ്ങളും കടത്താനുപയോഗിച്ച ലോറിയും പിടിച്ചെടുത്തിട്ടുണ്ട്. പാളങ്ങൾ മുറിക്കാൻ ഉപയോഗിച്ച ഗ്യാസ് കട്ടറും ലോറിയിൽ നിന്ന് കണ്ടെടുത്തു.
ട്രെയിൻ സർവീസുകളില്ലാത്ത ഐലൻഡ് റെയിൽവേ സ്റ്റേഷനിൽനിന്ന് എറണാകുളം ഭാഗത്തേക്കുള്ള റെയിൽപ്പാതയിലെ അരക്കിലോമീറ്ററോളം ഭാഗത്തെ പാളമാണ് നഷ്ടമായത്. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഈ മോഷണം നടന്നത്. ഇത് മുറിച്ച പാളങ്ങൾ തമിഴ്‌നാട്ടിലെ ആക്രിക്കടയിൽ വിൽപ്പന നടത്താൻ കൊണ്ടുപോകുന്നതിനിടെയാണ് പ്രതികൾ പിടിയിലായതെന്ന് ആർ.പി.എഫ്. ഉദ്യോഗസ്ഥർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
