വളാഞ്ചേരിയിൽ ട്രാഫിക് പൊലീസുകാരനെ പരസ്യമായി അധിക്ഷേപിച്ച് വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

വളാഞ്ചേരി: ട്രാഫിക് ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ പരസ്യമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത യുവാവ് പിടിയിൽ. മങ്കേരി കട്ടച്ചിറ സ്വദേശി കബീർ (39) ആണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ 11.25-ഓടെ വളാഞ്ചേരി ജങ്ഷനിലായിരുന്നു സംഭവം. പട്ടാമ്പി ഭാഗത്തുനിന്നും വളാഞ്ചേരിയിലേക്ക് വരികയായിരുന്ന ബസിലിരുന്ന പ്രതി, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് നേരെ എന്തോ വസ്തു വലിചെറിയുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ പൊതുജനങ്ങൾ മധ്യേ വെച്ച് കേട്ടാലറക്കുന്ന അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ നൽകിയ പരാതിയിലാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്. വളാഞ്ചേരി സബ് ഇൻസ്‌പെക്ടർ എം. നിർമലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ കബീറിന്റെ പേരിൽ മുൻപും മോഷണമടക്കം നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *