ഭാര്യയോട് മോശമായി സംസാരിച്ചതിന് പ്രതികാരം: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഘം പിടിയിൽ

പന്തളം: ഭാര്യയോട് മോശമായി സംസാരിച്ചതിലുള്ള വൈരാഗ്യത്താൽ യുവാവിനെ തട്ടിക്കൊണ്ടുപോയി സിറിഞ്ച് കുത്തിയിറക്കി ക്രൂരമായി മർദ്ദിച്ച നാലംഗ സംഘം പന്തളം പോലീസിന്റെ പിടിയിലായി. തുമ്പമൺ സ്വദേശി അജയനെയാണ് (49) സംഘം ചേർന്ന് ആക്രമിച്ചത്. സംഭവത്തിൽ ഇലവുംതിട്ട രാമഞ്ചിറ സ്വദേശി ദീപക് ജോയ് (25), പ്രക്കാനം സ്വദേശികളായ സജു (24), ജോമോൻ മാത്യു (30), അഭിജിത് (21) എന്നിവരെ പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തു.കഴിഞ്ഞ മാസം 26-നായിരുന്നു കേസിനാസ്പദമായ സംഭവം. മുഖ്യപ്രതിയായ ദീപക്കിന്റെ ഭാര്യയോട് അജയൻ മോശമായി സംസാരിച്ചതാണ് ആക്രമണത്തിന് കാരണം. തട്ടിക്കൊണ്ടുപോയ അജയന്റെ ശരീരത്തിൽ വെള്ളം നിറച്ച സിറിഞ്ചുകൾ കുത്തിയിറക്കുന്നതടക്കമുള്ള ക്രൂരമായ പീഡനമുറകളാണ് അക്രമികൾ അഴിച്ചുവിട്ടത്.

അജയന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട എസ്.പി. ആനന്ദിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. പ്രധാന പ്രതി ദീപക് ജോയിയെ ഇടുക്കി ചെറുതോണിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. പന്തളം സി.ഐ. ബാബു കുറുപ്പ്, എസ്.എച്ച്.ഒ. എബിൻ പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സി.പി.ഒ.മാരായ എസ്.എൻ. വർഷ, അരുൺ ബാല, അഖിൽ ഒ., കൃഷ്ണലാൽ, വിജയ് കൃഷ്ണൻ, അനൂപ് ആർ. എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *