ഓസ്‌ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം തട്ടി: സുഹൃത്തുക്കളായ യുവാവും യുവതിയും അറസ്റ്റിൽ

വിഴിഞ്ഞം (തിരുവനന്തപുരം): ഓസ്‌ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് വിഴിഞ്ഞം സ്വദേശികളായ രണ്ട് സ്ത്രീകളിൽ നിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവും യുവതിയും പിടിയിൽ. തൃശൂർ മുരിങ്ങൂർ നാലുകെട്ടിൽ സ്വദേശി ഷഫീഖ് (49), മലപ്പുറം നിലമ്പൂർ സ്വദേശി സഫ്ന (32) എന്നിവരെയാണ് വിഴിഞ്ഞം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.വിഴിഞ്ഞം സ്വദേശികളായ അജിത, മേരി ഗ്ലാൻസ് എന്നിവരുടെ പരാതിയിലാണ് പോലീസിന്റെ നടപടി. ഓസ്‌ട്രേലിയയിലെ പ്രമുഖ കമ്പനിയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ ഏപ്രിലിലാണ് പ്രതികൾ

തുക കൈപ്പറ്റിയത്. എന്നാൽ പണം നൽകിയ ശേഷം വിദേശത്തേക്ക് കടത്തുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ ശ്രമിച്ചപ്പോൾ പ്രതികൾ ഫോൺ കോളുകളോട് പ്രതികരിക്കാതായി. ഇതോടെ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ ബാധിതർ വിഴിഞ്ഞം പോലീസിൽ പരാതി നൽകുകയായിരുന്നു.വിഴിഞ്ഞം സി.ഐ. കെ. ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. എം. പ്രശാന്ത്, പോലീസ് ഉദ്യോഗസ്ഥരായ വിനയകുമാർ, രെജിൻ, ലിനി എന്നിവരടങ്ങിയ സംഘം മലപ്പുറത്തും തൃശൂരിലും നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *