ആലുവ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച രണ്ട് പോക്സോ കേസുകളിൽ പ്രതിക്ക് 10 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ കുഞ്ചാട്ടുകര കൈപ്പിള്ളി വീട്ടിൽ ബീരാൻ കുട്ടിയെയാണ് (67) ആലുവ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. രണ്ട് കേസുകളിലായി അഞ്ച് വർഷം വീതം കഠിനതടവും പിഴയുമാണ് കോടതി ഉത്തരവിട്ടത്.

2024 ഏപ്രിൽ, മെയ് മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടക്കുന്നത്. കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എടത്തല പോലീസ് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് എടത്തല പോലീസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
കേസിലെ വിചാരണ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ആലുവ അതിവേഗ പോക്സോ കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ പ്രഖ്യാപിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ജി. യമുന ഹാജരായി.

