കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) സോളാർ പാനലുകളിൽ നിന്ന് ചെമ്പ് കമ്പികൾ കവർന്ന കേസിലെ പ്രതികളായ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. അസം നാഗോൺ സ്വദേശി ജലാൽ ഹുസൈൻ (26), ബിഹാർ ബ്രദക് സ്വദേശി ഗണേഷ് കുമാർ (36), പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശി താജുദ്ദീൻ ഷെയ്ഖ് (26) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി ആവണംകോട് റോഡിൽ റെയിൽവേ മേൽപ്പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്.

വിമാനത്താവളത്തിലെ സോളാർ പാനലുകളിൽ നിന്ന് വൻതോതിൽ ചെമ്പ് മോഷണം പോകുന്നത് സംബന്ധിച്ച് സിയാൽ അധികൃതർ മുൻപ് നെടുമ്പാശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു. നെടുമ്പാശ്ശേരി എസ്.ഐ. അരുൺ രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

