പോർച്ചിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചു; സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം ഫലം കണ്ടു, പ്രതി പിടിയിൽ

വീട്ടുമുറ്റത്തെ കാർപോർച്ചിൽ സുരക്ഷിതമായി നിർത്തിയിരുന്ന ബൈക്ക് മോഷണം പോയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ
മലപ്പുറം: വീട്ടുമുറ്റത്തെ കാർപോർച്ചിൽ സുരക്ഷിതമായി നിർത്തിയിരുന്ന ബൈക്ക് മോഷണം പോയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മൂർക്കനാട് വെങ്ങാട് സ്വദേശി മുഹമ്മദ് ഷഹൽ (23) ആണ് വളാഞ്ചേരി പൊലീസ് പിടിയിലായത്. സെപ്റ്റംബർ 11-ന് രാത്രിയിലാണ് വെണ്ടല്ലൂർ സ്വദേശിയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷണം പോയത്. വീട്ടുമുറ്റത്തെ കാർപോർച്ചിൽ നിർത്തിയിരുന്ന ബൈക്ക് രാത്രിയോടെ കാണാതായതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് വളാഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചു. മോഷണത്തിന് പിന്നാലെ ബൈക്ക് സഞ്ചരിച്ച വഴികളും പ്രതിയുടെ നീക്കങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

അന്വേഷണത്തിനിടെ മോഷണം പോയ ബൈക്ക് വളാഞ്ചേരി അത്തിപ്പറ്റയിൽനിന്ന് പൊലീസ് കണ്ടെത്തി. ബൈക്ക് കണ്ടെത്തിയതോടെ പ്രതിയെക്കുറിച്ചുള്ള അന്വേഷണം പൊലീസ് കൂടുതൽ ഊർജിതമാക്കി. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നും ലഭിച്ച വിവരങ്ങളും മറ്റ് അന്വേഷണ വിവരങ്ങളും പരിശോധിച്ചതോടെയാണ് മുഹമ്മദ് ഷഹലിലേക്ക് അന്വേഷണം എത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസം രാത്രി കുഞ്ഞിപ്പുരയിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യംചെയ്യലിനും തുടർനടപടികൾക്കും ശേഷം അറസ്റ്റ് രേഖപ്പെടുത്തി. മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതിനും അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *