തുച്ഛമായ ലാഭത്തിന് വലിയ വില നൽകേണ്ടിവരും: അനധികൃത ടാക്‌സി യാത്രകൾക്കെതിരെ യുണൈറ്റഡ് മലയാളി ഫെഡറേഷൻ

സ്വകാര്യ ബസുകളിലെ നിയമലംഘനം: കർണാടക ഗതാഗത മന്ത്രിയുമായി യു.എം.എഫ് ഉടൻ കൂടിക്കാഴ്ച നടത്തും

ബെംഗളൂരു: ബംഗളൂരുവിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ഷെയർ ടാക്‌സി ആപ്പുകളെയും അനധികൃത സ്വകാര്യ വാഹനങ്ങളെയും (വൈറ്റ് ബോർഡ്) ആശ്രയിക്കുന്ന മലയാളി യാത്രക്കാരും വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്ന് യുണൈറ്റഡ് മലയാളി ഫെഡറേഷൻ (UMF) മുന്നറിയിപ്പ് നൽകി. ഇത്തരം യാത്രകൾ വലിയ നിയമക്കുരുക്കുകളിലേക്കും അപകടങ്ങളിലേക്കും നയിക്കുമെന്ന ബോധവൽക്കരണ സന്ദേശവും സംഘടന പുറപ്പെടുവിച്ചു.

യു.എം.എഫ് മുന്നറിയിപ്പ് നൽകുന്ന പ്രധാന അപകടസാധ്യതകൾ:

എൻ.ഡി.പി.എസ് കേസ് (ലഹരിമരുന്ന് കടത്ത്): മുൻപരിചയമില്ലാത്ത സഹയാത്രക്കാരുടെ കൈവശം രാസലഹരി വസ്തുക്കളുണ്ടെങ്കിൽ, പരിശോധനയിൽ വാഹനത്തിലുള്ള എല്ലാവരും ഒരുപോലെ പ്രതി ചേർക്കപ്പെടാം.

അനധികൃത റൈഡ് ഷെയറിങ്: സ്വകാര്യ വാഹനങ്ങൾ പണം വാങ്ങി സർവീസ് നടത്തുന്നത് മോട്ടോർ വാഹന നിയമപ്രകാരം കുറ്റകരമാണ്. ചെക്ക് പോസ്റ്റുകളിൽ വാഹനം പിടിച്ചെടുത്താൽ യാത്രക്കാർ വഴിയിലാകും.

ഇൻഷുറൻസ് പരിരക്ഷയില്ല: ഇത്തരം വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ യാത്രക്കാർക്ക് നിയമപരമായ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കില്ല.

അവധി ദിനങ്ങളിലും ഉത്സവകാലങ്ങളിലും മലബാർ മേഖലയിലേക്കുള്ള യാത്രകളിലാണ് ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ കൂടുതലായി നടക്കുന്നത്. അതിനാൽ ഔദ്യോഗിക കെ.എസ്.ആർ.ടി.സി, റെയിൽവേ, അല്ലെങ്കിൽ കൃത്യമായ ലൈസൻസുള്ള സ്വകാര്യ ടൂറിസ്റ്റ് ബസുകൾ മാത്രം യാത്രക്കായി തിരഞ്ഞെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

സ്വകാര്യ ബസുകളിൽ ടിക്കറ്റില്ലാത്ത യാത്രയും കാബിൻ യാത്രയും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി യു.എം.എഫ് പ്രതിനിധികൾ ഉടൻ കൂടിക്കാഴ്ച നടത്തും. കാബിൻ യാത്ര നിരോധിക്കുക, ആർ.ടി.ഒ – പോലീസ് സംയുക്ത പരിശോധന ശക്തമാക്കുക, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ലൈസൻസും റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ മന്ത്രിക്ക് മുന്നിൽ ഉന്നയിക്കുമെന്ന് യു.എം.എഫ് പ്രസിഡന്റ് അഡ്വ. അനിൽ തോമസ്, വൈസ് പ്രസിഡന്റ് ജ്യോതി പ്രകാശ്, ജനറൽ സെക്രട്ടറി ജാഷിർ പൊന്നിയം എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *