കുഞ്ഞിന് മരുന്ന് കൊടുക്കുന്നതിൽ ദമ്പതിമാർ തമ്മിൽ തർക്കം; ഐടി ജീവനക്കാരനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊന്നു; നാലുപേർ പിടിയിൽ

കുഞ്ഞിന് മരുന്ന് നൽകുന്നതിനെച്ചൊല്ലിയാണ് വിനയ് ​ഗുപ്തയും ഭാര്യ രേഖയും തമ്മിൽ തർക്കമുണ്ടായത്. ഇതിനുപിന്നാലെ രേഖ വീട്ടിൽനിന്നിറങ്ങി സമീപപ്രദേശത്തുള്ള സ്വന്തം വീട്ടുകാരെ കൂട്ടി തിരികെയെത്തി. തുടർന്ന് ഇവർ വിനയ് ​ഗുപ്തയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
ന്യൂഡൽഹി: ദമ്പതിമാർ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ ഭർത്താവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊലപ്പെടുത്തി. ഡൽഹി നിഹാൽ വിഹാറിൽ താമസിക്കുന്ന വിനയ് ​ഗുപ്ത(31)യാണ് മർദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിനയ് ​ഗുപ്തയുടെ ഭാര്യ രേഖ, രേഖയുടെ രണ്ട് സഹോദരന്മാർ, സഹോദരഭാര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കുഞ്ഞിന് മരുന്ന് നൽകുന്നതിനെച്ചൊല്ലിയാണ് വിനയ് ​ഗുപ്തയും ഭാര്യ രേഖയും തമ്മിൽ തർക്കമുണ്ടായത്. ഇതിനുപിന്നാലെ രേഖ വീട്ടിൽനിന്നിറങ്ങി സമീപപ്രദേശത്തുള്ള സ്വന്തം വീട്ടുകാരെ കൂട്ടി തിരികെയെത്തി. തുടർന്ന് ഇവർ വിനയ് ​ഗുപ്തയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

പ്രമുഖ ഐടി കമ്പനിയായ അഡോബിയിലെ പ്രതിവർഷം 60 ലക്ഷത്തോളം രൂപ ശമ്പളമുള്ള ജീവനക്കാരനാണ് വിനയ് ​ഗുപ്ത. മൂന്നരവർഷം മുൻപാണ് വിനയ് ​ഗുപ്തയും രേഖയും വിവാഹിതരായത്. ദമ്പതിമാർക്ക് നാലരമാസം പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്. ഡൽഹി നിഹാൽ വിഹാറിലെ കെട്ടിടത്തിൽ മൂന്നാംനിലയിലാണ് ഇവർ താമസിച്ചിരുന്നത്. താഴത്തെ നിലയിൽ വിനയ് ​ഗുപ്തയുടെ മാതാപിതാക്കളുമുണ്ട്. കഴിഞ്ഞദിവസം കുട്ടികൾക്ക് മരുന്ന് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് വിനയ് ​ഗുപ്തയും രേഖയും തമ്മിൽ വഴക്കുണ്ടായത്. ഇതിനുപിന്നാലെ രേഖ സ്വന്തം വീട്ടിലേക്ക് പോയി. തുടർന്ന് അച്ഛനും രണ്ട് സഹോദരന്മാരും അമ്മാവനും സഹോദരഭാര്യയും ഉൾപ്പെടെയുള്ള ബന്ധുക്കളെയും കൂട്ടിയാണ് തിരികെയെത്തിയത്. വീട്ടിലെത്തിയ ഇവർ വിനയ് ​ഗുപ്തയെ മർദിച്ചു. വിനയ് ​ഗുപ്തയെ നിരന്തരം ചവിട്ടിയെന്നും കഴുത്ത് ഞെരിച്ചെന്നും പറയുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്താണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് ആരോപണം. മർദനത്തിന് മുൻപ് രേഖ വീട്ടിലെ സിസിടിവി ക്യാമറകളെല്ലാം ഓഫ് ചെയ്തതായും വിനയ് ​ഗുപ്തയുടെ ബന്ധുക്കൾ ആരോപിച്ചു.

രേഖയും വീട്ടുകാരും എത്തിയപ്പോൾ വിനയ് ​ഗുപ്തയുടെ അമ്മ സ്ഥലത്തുണ്ടായിരുന്നു. അതിഥികൾക്ക് ശീതളപാനീയവും മറ്റും വാങ്ങാനായി ഇവർ പുറത്തുപോയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. താൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ എല്ലാവരും ചേർന്ന് മകനെ മർദിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് അമ്മ പറഞ്ഞു. തടയാൻ ശ്രമിച്ചെങ്കിലും പ്രതികൾ മർദനം തുടർന്നു. മകനെ മർദിക്കരുതെന്ന് കരഞ്ഞുപറഞ്ഞിട്ടും പ്രതികൾ കേട്ടില്ലെന്നും വിനയ് ​ഗുപ്തയുടെ അമ്മ കണ്ണീരോടെ പ്രതികരിച്ചു.

ക്രൂരമർദനമേറ്റ് അവശനായ വിനയ് ​ഗുപ്തയെ ഒരു അയൽക്കാരൻ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ചുമലിൽ താങ്ങിയെടുത്താണ് ഇദ്ദേഹം വിനയ് ​ഗുപ്തയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ സമയവും രേഖയും വീട്ടുകാരും ഇതെല്ലാം നോക്കിനിൽക്കുകയായിരുന്നു. എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വിനയ് ​ഗുപ്തയുടെ മരണം സംഭവിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു.

അതേസമയം, രേഖയുടെ സഹോദരന്മാർ നേരത്തേയും വിനയ് ​ഗുപ്തയെ കൊല്ലാൻ ശ്രമിച്ചതായും ആരോപണമുണ്ട്. രേഖയും വിനയ് ​ഗുപ്തയും തമ്മിൽ നേരത്തേയും ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതുകാരണം രേഖ ഒറ്റയ്ക്കാണ് പാചകം ചെയ്തിരുന്നത്. ചെറിയ പ്രശ്നങ്ങളുടെ പേരിലാണ് രേഖയുടെ സഹോദരന്മാർ നേരത്തേ വിനയ് ​ഗുപ്തയെ കൊല്ലാൻ ശ്രമിച്ച സംഭവമുണ്ടായതെന്നും ബന്ധുക്കൾ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *