തിരുവനന്തപുരം: ശബരിമലയിൽ നിലവാരം കുറഞ്ഞ മിൽമ നെയ്യ് വിതരണം ചെയ്ത സംഭവത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തും. മിൽമ ജീവനക്കാരെ ഉദ്യോഗസ്ഥർ വഴിവിട്ട് സഹായിച്ചതായാണ് പ്രാഥമിക നിഗമനം. പമ്പയിൽനിന്ന് സന്നിധാനത്തേക്ക് യാതൊരുവിധ പരിശോധനയുമില്ലാതെ നെയ്യ് കടത്തിവിട്ടതിലും ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ വലിയ വിമർശനമുയർന്നിട്ടുണ്ട്.
വിഷയത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഇടപെടൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് കത്ത് നൽകുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ആർ. ബിന്ദു കൃഷ്ണ അറിയിച്ചു. തട്ടിപ്പിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും വ്യക്തമാക്കി.

ശബരിമലയിലേക്കുള്ള നെയ്യ് വിതരണത്തിൽ ഗുരുതര ക്രമക്കേട് നടന്നതായി ക്ഷീരവികസന വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഒന്നര ലക്ഷത്തിലധികം ലിറ്റർ നിലവാരമില്ലാത്ത നെയ്യാണ് സന്നിധാനത്ത് എത്തിച്ചതെന്നും ഇതുവഴി മിൽമയ്ക്ക് 85 ലക്ഷം രൂപയിലധികം സാമ്പത്തിക നഷ്ടമുണ്ടായെന്നുമാണ് റിപ്പോർട്ട്.
ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ആസൂത്രിത പങ്കാളിത്തം സംശയിക്കുന്നതിനെ തുടർന്നാണ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ (SIT) നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്. സാമ്പത്തിക ക്രമക്കേടുകൾ, നിയമനങ്ങൾ, കരാറുകൾ എന്നിവയെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി ആർ. ബിന്ദു കൃഷ്ണയുടെ നിർദ്ദേശപ്രകാരമാണ് സമിതിയെ നിയോഗിച്ചത്.
നെയ്യ് വിതരണത്തിനുള്ള കരാർ നടപടികൾ ആരംഭിച്ച ഘട്ടം മുതൽ തന്നെ ക്രമക്കേടുകൾ നടന്നിട്ടുണ്ട്. പത്തനംതിട്ട യൂണിറ്റിൽ നിന്ന് പമ്പയിലേക്ക് നെയ്യ് എത്തിക്കുന്ന കരാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒരേ വ്യക്തിക്ക് അനുകൂലമായി ക്രമീകരിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ലോഡിൽ, വഴിമധ്യേ വെച്ച് നിലവാരം കുറഞ്ഞ തമിഴ്‌നാട് നെയ്യ് കൂട്ടിക്കലർത്തുകയായിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
