വടകര: വടകരയിലെ എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാർ ലഹരി പാർട്ടികൾ നടത്തിയതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പിടിയിലായ കീർത്തന, കാവ്യ എന്നിവർ ലഹരി ശൃംഖലയിലെ പ്രധാന ഇടനിലക്കാരാണെന്ന് (Middle agents) പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ മൂന്ന് പ്രതികളുടെയും അക്കൗണ്ടുകളിലേക്ക് നേരിട്ട് 10 ലക്ഷത്തിലധികം രൂപയെത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മംഗളൂരുവിലുള്ള സുഹൃത്ത് വഴിയാണ് അധ്യാപികമാർ ആദ്യം എം.ഡി.എം.എ ഉപയോഗിച്ചു തുടങ്ങിയത്. പിന്നീട് കൂടുതൽ അളവിൽ ലഹരി ലഭിക്കുന്നതിനായി ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ലഹരിമാഫിയയിലെ കണ്ണികളുമായി ബന്ധം സ്ഥാപിച്ചത്. വൻ ലഹരി മാഫിയയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ബന്ധം തുടർന്നത്. പിന്നീട് ഇവർ സ്വയം ലഹരി വിൽപ്പനയിലെ പ്രധാന കണ്ണികളായി മാറുകയായിരുന്നു. ഇവർ അധ്യാപികമാരാണെന്നത് ലഹരി സംഘം തങ്ങളുടെ ആവശ്യങ്ങൾക്കായി പരമാവധി ചൂഷണം ചെയ്തു.

ചോദ്യം ചെയ്യലിൽ ലഹരിയുടെ മൊത്തവിതരണക്കാരെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ പ്രതികൾ തയ്യാറായിട്ടില്ല. എന്നാൽ സംഭവങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതിയായ നീഷ്മയ്ക്ക് അറിയാമെന്നാണ് കീർത്തന നൽകിയ മൊഴി. ഈ ലഹരി ശൃംഖലയിൽ ഇനിയും ഒരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.
കേസ് അന്വേഷണം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഇന്ന് വടകരയിലെത്തി അന്വേഷണ സംഘത്തിന്റെ യോഗത്തിൽ പങ്കെടുക്കും.
