ക്ഷേത്രത്തിൽ പൂജയുടെ പേരിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു: ശാന്തിക്കാരന് ഏഴുവർഷം തടവും പിഴയും

തിരുവനന്തപുരം: കുടുംബദോഷങ്ങൾ മാറുന്നതിനായി പൂജകൾ നടത്താമെന്ന് വിശ്വസിപ്പിച്ച് ക്ഷേത്രത്തിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ഷേത്രത്തിലെ മുൻ ശാന്തിക്കാരന് ഏഴുവർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. ആലപ്പുഴ സ്വദേശിയായ രാജേഷിനെയാണ് നെടുമങ്ങാട് എസ്‌സി/എസ്‌ടി സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2016-ൽ അയിരൂർ ഇടവ ശ്രീ വനമൂർത്തി ഭദ്രാദേവി ക്ഷേത്രത്തിൽ നടന്ന സംഭവത്തിലാണ് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ക്ഷേത്രത്തിൽ പൂജകൾക്കായി എത്തിയ യുവതിയെ കുടുംബദോഷങ്ങൾ മാറുന്നതിനായി പ്രത്യേക പൂജകൾ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

അന്വേഷണത്തിനിടെ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും നടന്നതായി വ്യക്തമായതോടെ അന്നത്തെ ആറ്റിങ്ങൽ അസിസ്റ്റൻറ് പൊലീസ് സൂപ്രണ്ട് ആദിത്യ ഐപിഎസ് കേസിൻറെ അന്വേഷണം ഏറ്റെടുത്തു. നെടുമങ്ങാട് എസ്‌സി/എസ്‌ടി സ്പെഷ്യൽ കോടതിയിലായിരുന്നു വിചാരണ. പരാതിക്കാരിയും സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയ കേസിൽ ശാസ്ത്രീയ തെളിവുകളും നിർണായകമായി. തുടർന്ന് ജില്ലാ ജഡ്ജി ഷാജഹാൻ പ്രതി രാജേഷിന് ഏഴുവർഷം തടവും 50,000 രൂപ പിഴയും വിധിക്കുകയായിരുന്നു. പിഴത്തുകയായ 50,000 രൂപ കേസിലെ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സന്ദീപ്, അഡ്വ. മനീഷ് എന്നിവർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *