കൊയിലാണ്ടിയിൽ മാലിന്യച്ചാക്കിൽ കെട്ടിയിട്ട നിലയിൽ പെരുമ്പാമ്പ്; ഹരിതകർമസേന ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊയിലാണ്ടി: ഹരിത കർമസേന ജീവനക്കാർ പെരുമ്പാമ്പിൻറെ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. മാലിന്യം ശേഖരിക്കാനായി നഗരസഭ സ്ഥാപിച്ച മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി(എം.സി.എഫ്) സെൻററിലാണ് വലിയ ചാക്കിനുള്ളിൽ മറ്റൊരു പ്ലാസ്റ്റിക് കവറിൽ കെട്ടിവച്ച നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മുത്താമ്പിയിലെ എം.സി.എഫിൽ സൂക്ഷിച്ചിരുന്ന പാഴ് വസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളും തരം തിരിക്കുകയായിരുന്നു ഹരിത കർമസേനാംഗങ്ങൾ.

പ്ലാസ്റ്റിക് ചാക്കിൽ കുറേക്കൂടി പ്ലാസ്റ്റിക് വസ്തുക്കൾ നിറയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ ചാക്കിനുള്ളിൽ കെട്ടിവെച്ചിരുന്ന പെരുമ്പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നു. പേടിച്ചരണ്ട ജീവനക്കാർ പെട്ടെന്ന് മാറിയതിനാലാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ പാമ്പുകളെ കാണാറുണ്ടെങ്കിലും, ഇത്തരത്തിൽ ബോധപൂർവ്വം ചാക്കിൽ കെട്ടി ഉപേക്ഷിച്ച അനുഭവം ആദ്യമായാണെന്നും ഇവർ പറഞ്ഞു. ഇത്തരത്തിലുള്ള ക്രൂരത ആരും ചെയ്യരുതെന്നും ജീവനക്കാർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *