കൊടുവള്ളിയിൽ വിദ്യാർത്ഥിയെ മർദിച്ച കേസ്: ഒത്തുതീർപ്പ് സമ്മർദ്ദവുമായി പ്രതികളുടെ ബന്ധുക്കൾ

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയിൽ മോഷണക്കുറ്റം ആരോപിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ച കേസ് പിൻവലിക്കാൻ പ്രതികളുടെ ഭാഗത്തുനിന്ന് കടുത്ത സമ്മർദ്ദം. കേസിൽ നിന്ന് പിന്മാറിയാൽ പണവും സമ്മാനങ്ങളും നൽകാമെന്ന് പ്രതികളുടെ ബന്ധു കുട്ടിയുടെ പിതാവിനോട് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നു. സംഭവത്തിന് പിന്നാലെ പ്രതികൾ സംസ്ഥാനം വിട്ടതായാണ് പോലീസിന് ലഭിക്കുന്ന സൂചന.

ഓഗസ്റ്റ് ആറിനാണ് പിതാവിന്റെ സഹോദരനും ഭാര്യയും ചേർന്ന് കുട്ടിയെ ക്രൂരമായി മർദിക്കുകയും മുറിവുകളിൽ മുളകുപൊടി തേക്കുകയും ചെയ്തത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) ഇടപെട്ടതിനെ തുടർന്ന് കൊടുവള്ളി പോലീസ് പ്രതികൾക്കെതിരെ അക്രമം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ഉപദ്രവം, ബാലനീതി നിയമം (ജുവനൈൽ ജസ്റ്റിസ് ആക്ട്) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു.

കേസെടുത്ത വിവരമറിഞ്ഞതോടെ ഒളിവിൽ പോയ പ്രതികൾ ബന്ധുവീട്ടിലേക്ക് മാറുകയും തുടർന്ന് അന്യസംസ്ഥാനത്തേക്ക് കടക്കുകയുമായിരുന്നു. ഇവർക്കായി പോലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് കേസ് ഒത്തുതീർപ്പാക്കാൻ പ്രതികളുമായി അടുത്ത ബന്ധമുള്ളവർ കുട്ടിയുടെ കുടുംബത്തെ സാമ്പത്തിക വാഗ്ദാനങ്ങളുമായി സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *