വോഡഫോൺ കമ്പനിയുടെ വെയർഹൗസിൽ നിന്ന് കവർന്നത് ഒരു ലക്ഷം രൂപയുടെ ചെമ്പ് കമ്പികൾ, ജീവനക്കാരൻ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ

കോഴിക്കോട്: വോഡഫോൺ കമ്പനിയുടെ മെയിൻറനൻസ് വെയർഹൗസിൽ നിന്നും ഒരു ലക്ഷത്തോളം രൂപ വില വരുന്ന ടവർ നിർമാണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 50 എംഎമ്മിൻറെ 300 മീറ്റർ നീളം വരുന്ന കോപ്പർ വയർ മോഷണം നടത്തിയ കേസിൽ ജീവനക്കാരൻ ഉൾപ്പെടെ രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട് തിരുവണ്ണൂർ നടയിൽ ലേക്ക് വ്യൂ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അമർനാഥ് (24), ഒളവണ്ണ സ്വദേശി ജ്യോതിഷ്(21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അമർനാഥ് വോഡഫോൺ കമ്പനിയിൽ കരാർ അടിസ്ഥാനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ആളാണ്. കഴിഞ്ഞ മാസമാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത്.

മെയിൻറനൻസ് ആവശ്യങ്ങൾക്കായി വെയർ ഹൗസിൽ പോയി സാധനങ്ങൾ സൈറ്റുകളിലേക്ക് എത്തിക്കുന്ന അവസരങ്ങളിൽ ഇയാൾ ഇവിടെ സൂക്ഷിച്ച താക്കോൽ കൈവശപ്പെടുത്തി ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമ്മിക്കുകയും ഇതുപയോഗി​ച്ച് മോഷണം നടത്തുകയുമാണ് ചെയ്തത്. പിടിക്കപ്പെടാതിരിക്കാൻ റെയിൻകോട്ടും ഹെൽമറ്റും ധരിച്ച് സ്‌കൂട്ടറിലെത്തി കളവ് നടത്തിയ ശേഷം കുറച്ചു ദൂരം യാത്ര ചെയ്ത് റെയിൻകോട്ട് മാറ്റി പല വഴികളിലൂടെ തിരിച്ചുപോവുകയായിരുന്നു. രണ്ടു തവണ മോഷണം നടത്തിയ കോപ്പർ വയർ ആക്രിക്കടയിൽ കൊണ്ടുപോയി വിൽപ്പന നടത്തുകയും പണം പങ്കിട്ടെടുക്കുകയും ചെയ്തു. കളവു മുതൽ വിറ്റു കിട്ടുന്ന പണം ഇരുവരും മയക്കുമരുന്ന്, ലഹരി ഉപയോഗത്തിനാണ് ചിലവഴിച്ചത്. ആഡംബര ജീവിതമാണ് ഇരുവരും നയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *