കൊച്ചിയിൽ നിന്ന് കവർന്ന ബൈക്കുമായി കടക്കുന്നതിനിടെ അപകടം; തന്ത്രപൂർവം ആശുപത്രിയിൽ നിന്ന് മുങ്ങിയ മോഷ്ടാവ് പത്താം ദിവസം പിടിയിൽ

കൊച്ചി: മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവ് തൃശൂരിൽ അപകടത്തിൽപ്പെട്ടു. ചികിത്സയ്ക്കെത്തിയ ആശുപത്രിയിൽ പരാതിയില്ലെന്ന് അറിയിച്ച് കടന്ന് കളഞ്ഞെങ്കിലും ദിവസങ്ങൾക്കകം കടവന്ത്ര പൊലീസിൻറെ അന്വേഷണത്തിൽ പൊന്നാനിയിൽ നിന്ന് പിടിയിലായി. നിരവധി കേസുകളിൽ പ്രതിയായ എടപ്പാൾ സ്വദേശി സുരേഷ് ബാബു (20) ആണ് അറസ്റ്റിലായത്. ഈ മാസം ആറിന് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് ബൈക്ക് മോഷണം പോയിരുന്നു. അർധരാത്രിയിൽ താക്കോലില്ലാതെ വാഹനം സ്റ്റാർട്ട് ചെയ്ത് പ്രതി എടപ്പാളിലേക്ക് യാത്ര തിരിച്ചു. യാത്രയ്ക്കിടെ തൃശൂർ മതിലകത്ത് ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട ഇയാൾക്ക് കൈയ്ക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരാതിയില്ലെന്ന് അറിയിച്ച് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

അപകടത്തിൽപ്പെട്ട ബൈക്ക് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് അന്വേഷണം ശക്തമാക്കിയ കടവന്ത്ര പൊലീസ് പ്രതിയെ പൊന്നാനിയിൽ നിന്ന് പിടികൂടി. പൊലീസ് എത്തുമ്പോൾ പ്രതി കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ ഉദ്യോഗസ്ഥർ ഇയാളെ കീഴടക്കി അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *