കൊച്ചി: സംസ്ഥാനത്തെ ലഹരിമുക്തമാക്കാനുളള ദൗത്യത്തിന്റെ ഭാഗമായുളള ‘തൂഫാൻ ജാഗരൺ’ ബഹുജനറാലി ആരംഭിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് റാലിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും റാലിയിൽ പങ്കെടുത്തു. പെരുമ്പാവൂരിലെ ലഹരിയുടെ ക്യാപിറ്റൽ എന്ന കുപ്രസിദ്ധിയിൽ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തൂഫാൻ പെരുമ്പാവൂരിൽ വലിയ മാറ്റമുണ്ടാക്കുമെന്നും അതിഥി തൊഴിലാളികളെ മറയാക്കി ലഹരി മാഫിയ പ്രവർത്തിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. തൂഫാൻ ആഞ്ഞടിച്ചപ്പോൾ അയ്യായിരത്തിലേറെ കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഫോർ ഓപ്പറേഷൻ തൂഫാൻ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടക, തമിഴ്‌നാട്, തെലങ്കാന, പുതുച്ചേരി കേരളാ ഡിജിപിമാർ പങ്കെടുക്കുന്ന സംയുക്ത യോഗം ഉടൻ ചേരുമെന്നും അതിർത്തി വഴി ലഹരി കടത്തുന്നത് തടയുകയാണ് ലക്ഷ്യമെന്നും ചെന്നിത്തല വ്യക്തമാക്കി.

‘ഇതര സംസ്ഥാന തൊഴിലാളികളെ മറയാക്കി പ്രവർത്തിക്കുന്ന മലയാളികളുണ്ട്. ലഹരിയുടെ വേരറുക്കാതെ പൊലീസ് പിന്മാറില്ല. പെരുമ്പാവൂരിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. ഇവിടെ തന്നെ കനത്ത ശിക്ഷ നൽകും. സഹോദരിമാർക്കും അമ്മമാർക്കും സുരക്ഷിതമായി വഴിയിലൂടെ നടക്കാനാകണം. ഒരു അമ്മയും മക്കൾ ലഹരി ഉപയോഗിക്കുന്നത് കണ്ട് കരയരുത്. ഗുണ്ടകളല്ല, സർക്കാരാണ് കേരളം ഭരിക്കുന്നത്. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഫോർ ഓപ്പറേഷൻ തൂഫാൻ ആരംഭിക്കും. എൻഡിപിഎസ് ആക്ട് ഭേദഗതി കാര്യം ബെന്നി ബെഹനാൻ ഉന്നയിക്കും. കേരളത്തിന്റെ തെരുവിലൂടെ അമ്മ പെങ്ങന്മാർക്ക് സുഗമമായി നടക്കാൻ അവസരമുണ്ടാകും. ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ കഴിയുന്ന സർക്കാരാണ് കേരളത്തിലുളളത്. ഒരു കാരവാനിലും ലഹരി ഉപയോഗം അനുവദിക്കില്ല’: രമേശ് ചെന്നിത്തല വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസവേതനം നൽകുന്നത് കേരളത്തിലാണെന്നും ഗുജറാത്തുൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ 350 രൂപയാണ് ദിവസക്കൂലിയെന്നും ചെന്നിത്തല പറഞ്ഞു. ‘നാം ഗൾഫിൽ പോകുന്നത് കൂടുതൽ സമ്പാദ്യമുണ്ടാക്കാനാണ്. വാസ്തവത്തിൽ അതിഥി തൊഴിലാളികളുടെ ഗൾഫാണ് കേരളവും പ്രത്യേകിച്ച് പെരുമ്പാവൂരും. ധാരാളം തൊഴിലാളികൾ ഇവിടെ തൊഴിൽ തേടി വന്നു. പെരുമ്പാവൂരിലെ തടി, പ്ലൈവുഡ് വ്യവസായങ്ങൾ കുതിച്ചുകയറി. വ്യാവസായികമായും സാമ്പത്തികമായും മുന്നേറുന്ന പെരുമ്പാവൂരിന്റെ ആ മുന്നേറ്റത്തിന് നേതൃത്വം കൊടുത്ത വ്യവസായികളെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. പെരുമ്പാവൂരിന്റെ വളർച്ചയിലും സുരക്ഷയിലും ആഭ്യന്തര വകുപ്പിന് കൂടുതൽ ശ്രദ്ധയുളളതുകൊണ്ടാണ് തൂഫാൻ ജാഗരൺ ഇവിടെനിന്നും ആരംഭിക്കാൻ തീരുമാനിച്ചത്’: ചെന്നിത്തല കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്തിന്റെ ലഹരിവിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്’ ആരംഭിച്ച് ഒരു മാസം പൂർത്തിയായി. ഒരു മാസത്തിനുളളിൽ 30 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു. 5,353 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അയ്യായിരത്തിലേറെ പേർ അറസ്റ്റിലായി. ജൂൺ രണ്ടിന് തിരുവനന്തപുരം കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി വി ഡി സതീശനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി ലഹരിവിരുദ്ധ പരിശോധനകളും നടപടികളും തുടരുകയാണ്.
