കുറ്റിപ്പുറത്ത് സ്‌കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു: പുറത്തൂർ സ്വദേശിയായ യുവാവ് മരിച്ചു; സംഭവം വഴി അറിയാതെ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ

മലപ്പുറം: വിവാഹസൽക്കാരത്തിന് പുറപ്പെട്ട യുവാവിന് സ്‌കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ദാരുണാന്ത്യം. പൊന്നാനി പുറത്തൂർ തൃത്തല്ലൂർ കുന്നുങ്ങൽ സ്വദേശി കുളത്ത് അബ്ദുൽ റസാഖിന്റെ മകൻ മുഹമ്മദ് റിഷാൽ (19) ആണ് മരിച്ചത്. കുറ്റിപ്പുറം കൊളക്കാട്ട് ഞായറാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം.

ഒരു വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനായാണ് റിഷാലും സുഹൃത്തും സ്കൂട്ടറിൽ യാത്രതിരിച്ചത്. വഴി അറിയാത്തതിനാൽ ​ഗൂ​ഗിൾ മാപ്പിന്റെ സഹായത്തോടെയായിരുന്നു യാത്ര. കൊളക്കാട് ഇറക്കം ഇറങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റിഷാലിനെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. എന്നാൽ, പൊലീസ് മേഖലയിലെത്തിയിട്ടും അപകടം നടന്ന സ്ഥലം തിരിച്ചറിയാനായില്ല. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് അപകടം നടന്ന സ്ഥലം കൃത്യമായി അറിയാത്തതിനാൽ ഏറെ തെരച്ചിലിന് ശേഷം രാത്രി വൈകിയാണ് പോലീസിന് സ്ഥലം കണ്ടെത്താൻ സാധിച്ചത്. മാതാവ്: സക്കീന. സഹോദരങ്ങൾ: റിഫാനിയ, റസൽ.

Leave a Reply

Your email address will not be published. Required fields are marked *