തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷനുകളുടെ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. 59.472 ലക്ഷം പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഓണത്തോടനുബന്ധിച്ച് വിവിധ മേഖലകളിലുള്ളവർക്കുള്ള ആനുകൂല്യങ്ങളും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണസമ്മാനമായി 1200 രൂപ നൽകും. ആശാ പ്രവർത്തകർക്ക് 1450 രൂപ ബോണസായി ലഭിക്കും. ഇതോടൊപ്പം ആരോഗ്യ കിരണം പദ്ധതിയിലെ കുടിശ്ശിക തീർക്കുന്നതിനായി 200 കോടി രൂപയും ഓണവിപണി സജീവമാക്കാൻ സപ്ലൈകോയ്ക്ക് മുൻകൂറായി 53 കോടി രൂപയും അനുവദിച്ചു.
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം തടസ്സങ്ങളില്ലാതെ
പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനോടകം 75,875 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. കൂടാതെ, കൊച്ചിൻ ഷിപ്പ്യാർഡിന്റെ വികസന പദ്ധതികൾക്കായി രാമൻതുരുത്തിൽ സ്ഥലം അനുവദിക്കുമെന്നും ഇതിലൂടെ 5000 കോടി രൂപയുടെ നിക്ഷേപവും പ്രതിവർഷം 1.70 കോടി രൂപയുടെ വരുമാനവുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
