കുറ്റിപ്പുറം ബസ് അപകടം: കാരണം അമിത വേഗതയെന്ന് മോട്ടോർ വാഹന വകുപ്പ്; ഡ്രൈവർക്ക് പോലീസ് നോട്ടീസ്

മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ബസിന്റെ അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് എം.വി.ഡി ഇക്കാര്യം വ്യക്തമാക്കുന്നത്.

അപകടം നടന്ന സ്ഥലത്തെ വളവുകളിൽ മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വേഗതയാണ് അനുവദിച്ചിട്ടുള്ളതെങ്കിലും, ബസ് ഇതിന്റെ ഇരട്ടി വേഗതയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അടുത്തടുത്തുള്ള രണ്ട് വളവുകളിൽ അമിത വേഗതയിലായിരുന്ന ബസ് രണ്ടാമത്തെ വളവ് തിരിക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. മഴയുള്ള സമയത്ത് അമിതവേഗത കാരണം റോഡും ടയറും തമ്മിലുള്ള ഘർഷണം നഷ്ടപ്പെടുന്ന ‘ഹൈഡ്രോപ്ലെയിനിങ്’ (Hydroplaning) പ്രതിഭാസമാണ് അപകടത്തിന് വഴിതെളിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറായ ചങ്ങരംകുളം സ്വദേശി ഷബീറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കുറ്റിപ്പുറം പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷബീറിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു.

കഴിഞ്ഞ ജൂലൈ 26-നാണ് അപകടമുണ്ടായത്. പോക്കറ്റ് റോഡിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് മീഡിയനിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിക്കുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *