തളിപ്പറമ്പ്: രാമന്തളി വടക്കുമ്പാട്ടെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ബാങ്ക് ജീവനക്കാരനുമായ കെ. വിജയനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ മൂന്ന് എസ്.ഡി.പി.ഐ. പ്രവർത്തകർക്ക് 18 വർഷം തടവും മൂന്നുലക്ഷം രൂപ വീതം പിഴയും ശിക്ഷ.
വടക്കുമ്പാട് സ്വദേശികളായ താളിക്കാരൻ ഹൗസിൽ ഹന്നൻ (36), അറുമാടിയിൽ ഹൗസിൽ മുഹമ്മദ് അബ്ദുള്ള (36), എം.പി. ഫൈസൽ (30) എന്നിവരെയാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത് ശിക്ഷിച്ചത്.
ഐ.പി.സി. 370 വകുപ്പ് പ്രകാരം 10 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും 326 പ്രകാരം ഏഴുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. വകുപ്പ് 323 പ്രകാരം ഒരുവർഷം തടവുകൂടി വിധിച്ചിട്ടുണ്ട്. കൂടിയ ശിക്ഷയായ 10 വർഷം കഠിനതടവ് അനുഭവിച്ചാൽ മതി.
പിഴത്തുകയായ ഒൻപതുലക്ഷം രൂപ ആക്രമണത്തിനിരയായ വിജയന് കൊടുക്കാനും ഉത്തരവിലുണ്ട്. 2017 സെപ്റ്റംബർ 26-ന് വൈകിട്ട് 6.30-നായിരുന്നു സംഭവം. ഓണാഘോഷ പരിപാടി കഴിഞ്ഞ് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിന്റെ വാടക നൽകാൻ വടക്കുമ്പാട്ടെത്തിയതായിരുന്നു വിജയൻ.
സ്ഥാപനത്തിനുമുന്നിൽ സംസാരിച്ചുനിൽക്കവേ ഒന്നാംപ്രതി വെട്ടിയും രണ്ടും മൂന്നും പ്രതികൾ ചവിട്ടിയും പരിക്കേൽപ്പിച്ചുവെന്നാണ് കേസ്. പയ്യന്നൂർ പോലീസാണ് കേസന്വേഷിച്ചത്. ആക്രമണത്തിൽ വിജയന് തലയ്ക്കും കാലിനുമാണ് ഗുരുതരമായി പരിക്കേറ്റത്.
രാഷ്ട്രീയവിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
’ആക്രമണം കഴിവുകെട്ടവന്റെ അവസാന അഭയം’
കഴിവുകെട്ടവന്റെ അവസാന അഭയമാണ് ആക്രമണമെന്ന അമേരിക്കൻ എഴുത്തുകാരൻ ഐസക് അസിമോവിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് ജഡ്ജി കെ.എൻ. പ്രശാന്ത് ശിക്ഷ വിധിച്ചത്. അന്ധമായ കക്ഷിരാഷ്ട്രീയത്തിന്റെയും രാഷ്ട്രീയശത്രുതയുടെയും പേരിൽ പൊതുറോഡിൽ മാരകായുധങ്ങളുമായി ഒരാളെ ആക്രമിച്ച പ്രതികൾ മാനവികതയുടെ വേരറക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
ഒരു പരിഷ്കൃതസമൂഹത്തിൽ ഇത്തരം രാഷ്ട്രീയ ആക്രമണങ്ങൾ നടക്കാൻ പാടില്ല. ഇത്തരം കേസുകളിൽ അനാവശ്യ സഹതാപം കാണിക്കുന്നത് നീതിന്യായവ്യവസ്ഥയോട് ചെയ്യുന്ന തെറ്റാണെന്നും കോടതിവിധിയിൽ പ്രത്യേകം ഓർമ്മിപ്പിച്ചു.
