വീട്ടിൽ അതിക്രമിച്ച് കയറി മധ്യവയസ്‌കൻറെ മൂക്കും വാരിയെല്ലും അടിച്ചുതകർത്തു, യുവാവിനെ റിമാൻറ് ചെയ്ത് കോടതി

മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ മധ്യവയസ്‌കനെ വീട്ടിൽ കയറി ക്രൂരമായി ആക്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട്: മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ മധ്യവയസ്‌കനെ വീട്ടിൽ കയറി ക്രൂരമായി ആക്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാളാണ്ടിത്താഴം സ്വദേശി ശ്രീജിത്തി(46) നെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നോടെയാണ് മെഡിക്കൽ കോളേജ് സ്വദേശിയായ അനീഷ് കുമാറും കുടുംബവും താമസിക്കുന്ന മെഡിക്കൽ കോളേജ് ഹൗസിംഗ് ബോർഡ് ഉന്നതിയിലെ കള്ളിവളപ്പിൽ പുത്തൻവീട്ടിലേക്ക് ശ്രീജിത്ത് എത്തിയത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാൾ അനീഷ് കുമാറിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

അനീഷിൻറെ മൂക്കിൻറെ പാലം തകരുകയും വാരിയെല്ലിന് പൊട്ടൽ സംഭവിക്കുകയും ചെയ്തതായാണ് ലഭിക്കുന്ന വിവരം. കണ്ണിനും സാരമായി പരിക്കേറ്റിട്ടുണ്ട്. തുടർന്ന് അനീഷ് കുമാറിൻറെ മകൻറെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ഇൻസ്‌പെക്ടർ ബൈജു കെ. ജോസിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാളാണ്ടിത്താഴം വെച്ചാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ പൊതുസ്ഥലത്ത് വെച്ച് മദ്യപാനം നടത്തിയതിന് കേസുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻറ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *