മലക്കപ്പാറ വിനോദയാത്രയ്ക്കിടെ ബസിൽ വീണ് പരിക്കേറ്റു: കെ.എസ്.ആർ.ടി.സി. 45,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

കൊച്ചി: വിനോദയാത്രയ്ക്കിടെ കെഎസ്ആർടിസി ബസിൽ വീണ് പരിക്കേറ്റ യാത്രക്കാരന് 45,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. 45 ദിവസത്തിനകം തുക നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ നിർദേശിച്ചു. യാത്രക്കാരുടെ പരാതികൾ പരിഗണിക്കുന്നതിലും ആവശ്യമായ സഹായം നൽകുന്നതിലും കെഎസ്ആർടിസി വീഴ്ച വരുത്തിയതായി കമ്മിഷൻ നിരീക്ഷിച്ചു.

എറണാകുളം ഇടപ്പള്ളി സ്വദേശിനി ചന്ദ്രിക മോഹൻദാസാണ് പരാതി നൽകിയത്. 2023 ഒക്ടോബർ ഏഴിന് ഇടപ്പള്ളി വട്ടേക്കുന്നം റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച മലയ്ക്കപ്പാറ വിനോദയാത്രയ്ക്കിടെയായിരുന്നു സംഭവം. പരാതിക്കാരിയും കുടുംബവും കെഎസ്ആർടിസി ബസിലായിരുന്നു യാത്ര ചെയ്തിരുന്നത്.

അങ്കമാലിയിൽ നിന്ന് മറ്റ് യാത്രക്കാർ ബുക്ക് ചെയ്തിട്ടുണ്ടെന്ന കാരണം പറഞ്ഞ് പരാതിക്കാരിയുടെ 73 വയസ്സുള്ള ഭർത്താവിനോട് സീറ്റിൽ നിന്ന് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. യാത്രയ്ക്കിടെ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ അദ്ദേഹം വീഴുകയും ഇടതു കൈത്തണ്ടയിലെ എല്ല് പൊട്ടുകയും ചെയ്തു.

തുടർന്ന് മഞ്ഞുമ്മൽ ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവന്നു. ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി 52,348 രൂപ ചെലവായതായി പരാതിയിൽ പറയുന്നു. ബസിൽ ആവശ്യമായ പ്രഥമ ശുശ്രൂഷാ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും അപകടത്തിനു ശേഷം വൈദ്യ സഹായം ലഭ്യമാക്കുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തിയെന്നും പരാതിക്കാരി ചൂണ്ടിക്കാണിച്ചു.

പരാതികൾ യഥാസമയം പരിഗണിക്കാതിരുന്നതും തൃപ്തികരമായ പരിഹാരം നൽകാതിരുന്നതും സേവനത്തിലെ അപര്യാപ്തതയും നിരുത്തരവാദപരമായ സമീപനവുമാണെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കമ്മിഷൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *